നവോത്ഥാന ചര്‍ച്ചകള്‍ ഉപരിപ്ലവം, സ്ത്രീകള്‍ തെരുവിലിറങ്ങിയത് വലതുപക്ഷ മുന്നേറ്റമല്ല: സക്കറിയ

നവോത്ഥാന ചര്‍ച്ചകള്‍ ഉപരിപ്ലവം, സ്ത്രീകള്‍ തെരുവിലിറങ്ങിയത് വലതുപക്ഷ മുന്നേറ്റമല്ല: സക്കറിയ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: കേരളത്തില്‍ ശബരിമല വിധിക്കെതിരേ സ്ത്രീകള്‍ തെരുവിലിറങ്ങിയത് ബിജെപിയെപ്പോലുള്ള വലതുപക്ഷ ശക്തികളുടെ മുന്നേറ്റമായി കരുതുന്നില്ലെന്ന് എഴുത്തുകാരന്‍ സക്കറിയ. നവോത്ഥാനത്തെക്കുറിച്ചുള്ള ഇപ്പോഴത്തെ ചര്‍ച്ചകള്‍ തികച്ചും ഉപരിപ്ലവമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ വെറുമൊരു ബ്രാന്‍ഡ് നെയിം എന്നപോലെയാണ് നവോത്ഥാനം എന്ന പദം ഉപയോഗിക്കപ്പെടുന്നത്. നവോത്ഥാനം എന്ന് എന്തിനെയും പറയുന്ന, ഒരു പരിഹാസ പദമായി മാറുന്ന അവസ്ഥയാണ് ഇന്നുള്ളത്. കൃതി വിജ്ഞാനോല്‍സവത്തില്‍ എഴുത്തും നവോത്ഥാനവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ നവോത്ഥാനത്തെ വേരോടെ പിഴുതതില്‍ മാധ്യമങ്ങള്‍ക്ക് പങ്കുണ്ടെന്നും സക്കറിയ പറഞ്ഞു. കേരളത്തില്‍ നവോത്ഥാനത്തിനുണ്ടായ തിരിച്ചടികള്‍ക്ക് രാഷ്ട്രീയകക്ഷികളെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ആള്‍ദൈവങ്ങളെ വളര്‍ത്തി വലുതാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്തത് മാധ്യമങ്ങളാണെന്നും സക്കറിയ അഭിപ്രായപ്പെട്ടു. മാധ്യമങ്ങളിലൂടെയാണ് വ്യക്തികള്‍ ലക്ഷക്കണക്കിനു വരുന്ന ജനങ്ങള്‍ക്കിടയില്‍ എത്തിച്ചേരുന്നത്. 

ശബരിമല വിഷയത്തെ ലാഭമുണ്ടാക്കാനുള്ള മാര്‍ഗമായി കാണുന്നത് മാധ്യമങ്ങള്‍ അവസാനിപ്പിച്ചാല്‍ മാത്രമേ ആ വിഷയം കെട്ടടങ്ങാന്‍ പോവുന്നുള്ളൂ. വിഷയങ്ങളെ മാധ്യമങ്ങള്‍ പര്‍വതീകരിക്കുകയാണ്. സിപിഎമ്മും കോണ്‍ഗ്രസും പോലുള്ള കക്ഷികളില്‍ അപചയമുണ്ടായി. രാഷ്ട്രീയ നേതൃത്വത്തിന്റെ തരംതാഴലും ജനാധിപത്യ ബോധമില്ലായ്മയുമുണ്ടായി. ശബരിമല വിഷയത്തില്‍ സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിലപാട് മാറ്റുന്നത് കോണ്‍ഗ്രസിനെപ്പോലും തോല്‍പ്പിക്കുന്ന തരത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന വ്യക്തിക്കല്ലാതെ മറ്റാര്‍ക്കും സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാട് സിപിഎമ്മിലില്ലെന്നാണ് മനസ്സിലാവുന്നത്. ബിജെപിയെപ്പോലും തോല്‍പ്പിക്കുന്ന നിലപാടാണ് ഈ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വീകരിക്കുന്നതെന്നും സക്കറിയ പറഞ്ഞു. 

തന്റെ കൗമാര കാലത്ത് പുരോഗമന സാഹിത്യം സ്വാധീനം ചെലുത്തിയിരുന്നു. അത്തരം എഴുത്തുകാരുടെ കൃതികളും തന്നെ സ്വാധീനിച്ചു. യൂറോപില്‍ ക്രിസ്തുമതത്തെ പുറത്താക്കിയായിരുന്നു നവോത്ഥാാനമുണ്ടായത്. എന്നാല്‍ ഇന്ത്യയില്‍ ഇന്നും മതത്തില്‍ നിന്നും ജാതിയില്‍ നിന്നും മുക്തി നേടാന്‍ സാധിച്ചില്ല. വര്‍ഗീയ ശക്തികളുടെ വേദിയിലെത്തുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും സിപിഎം വേദികളില്‍ ഇടം കിട്ടുമെന്ന അവസ്ഥ ഇന്നുണ്ട്. രണ്ടുപക്ഷത്തും നില്‍ക്കുകയാണ് എഴുത്തുകാര്‍, ഇവരെ തിരസ്‌കരിക്കാതിരിക്കുന്നതിലൂടെ സിപിഎമ്മും ഇരട്ടത്താപ്പ് കാണാക്കുകയാണ്. ശബരിമല വിഷയത്തില്‍ ശശി തരൂരിനെപ്പോലുള്ള നേതാവിന്റെ നിലപാട് മാറ്റം ലജ്ജാകരമാണ്. എഴുത്തുകാരും ബുദ്ധി ജീവികളും കൊല്ലപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുമ്പോള്‍ പ്രസ്താവനയിറക്കുക മാത്രമാണ് പ്രതികരണമെന്ന നിലയില്‍ എഴുത്തുകാര്‍ ചെയ്യുന്നതെന്നും സക്കറിയ പറഞ്ഞു. 

രാഷ്ട്രീയ പാര്‍ട്ടികളുടെ അവസരവാദം കേരള നവോത്ഥാനത്തെ പിറകോട്ടടിച്ചതായി ചര്‍ച്ചയില്‍ പങ്കെടുത്ത എന്‍ ഇ സുധീര്‍ അഭിപ്രായപ്പെട്ടു. നവോത്ഥാന പാരമ്പര്യമെന്നാണ് പലപ്പോഴും പറഞ്ഞു കേള്‍ക്കുന്നത്. പാരമ്പര്യത്തെ ചോദ്യം ചെയ്തായിരുന്നു നവോത്ഥാാനമെന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്. നവോത്ഥാാനത്തിലേക്ക് തിരിച്ചുപോവണമെന്നുമെന്ന് പറഞ്ഞു കേള്‍ക്കുന്നു. തിരിച്ചുപോവുകയല്ല മുന്നേറുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com