സിപിഎം ഐക്യം: നഷ്ടം കോണ്‍ഗ്രസിന്; ഇടതുമുന്നണി നേട്ടം കൊയ്യും; നേതൃത്വത്തിന് കെ സുധാകരന്റെ മുന്നറിയിപ്പ്

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ യാതൊരു പ്രാമുഖ്യവുമില്ലാത്ത പാര്‍ട്ടിയായി സിപിഎം മാറി. അവര്‍ കേരളത്തിലെ ഭരണം വെച്ച് അഹങ്കരിക്കുകയാണ്
സിപിഎം ഐക്യം: നഷ്ടം കോണ്‍ഗ്രസിന്; ഇടതുമുന്നണി നേട്ടം കൊയ്യും; നേതൃത്വത്തിന് കെ സുധാകരന്റെ മുന്നറിയിപ്പ്

കണ്ണൂര്‍: സംസ്ഥാനത്ത് സിപിഎമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ബംഗാളില്‍ പോലും സിപിഎമ്മുമായി ധാരണയുണ്ടാക്കരുതെന്നാണ് തന്റെ നിലപാടെന്ന് കെ സുധാകരന്‍ പറഞ്ഞു

സിപിഎമ്മുമായി ഐക്യപ്പെടുന്നതിലൂടെ നഷ്ടം കോണ്‍ഗ്രസിനായിരിക്കും, സിപിഎമ്മിന് വന്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും സുധാകരന്‍ പറഞ്ഞു. സഖ്യത്തിന് ഇല്ലാത്ത പാര്‍ട്ടിയെ കൂടെ കൂട്ടരുതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ യാതൊരു പ്രാമുഖ്യവുമില്ലാത്ത പാര്‍ട്ടിയായി സിപിഎം മാറി. അവര്‍ കേരളത്തിലെ ഭരണം വെച്ച് അഹങ്കരിക്കുകയാണ്. സിപിഎം സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമോ എന്ന് ജനം വിലയിരുത്തും. ഇവിടെ വിജയിച്ചാലും അവിടെയെത്തി കോണ്‍ഗ്രസിന് വോട്ട് ചെയ്യേണ്ട ഗതികേടിലാണ് സിപിഎം എന്ന് സുധാകരന്‍ പറഞ്ഞു. 

കണ്ണൂരില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ആരംഭിച്ചിട്ടില്ല. ഔപചാരികമായി സീറ്റ് വിഭജന ചര്‍ച്ച ചെയ്തിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ സുധാകരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണത്തിന് കാരണം എന്നെ സ്‌നേഹിക്കുന്ന കണ്ണൂരുകാരുടെ അഭിപ്രായമാണ്. തന്റെ പരിമിതി ഹൈമാന്റിനെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ ഞാന്‍ കേള്‍ക്കും. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം തിരിച്ചുപിടിക്കുക എന്നത് പാര്‍ട്ടിയുടെ അജണ്ടയാണ്. സുധാകരനല്ല ആരായാലും കണ്ണൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിക്കും. എംപി എന്ന നിലയില്‍ തികഞ്ഞ പരാജയമാണ് ശ്രീമതി ടീച്ചറെന്നും കെ സുധാകരന്‍ പറഞ്ഞു. 

സിപിഎമ്മുമായി സഹകരിക്കാമെന്ന കെപിസിസി അധ്യക്ഷന്റെ നിലപാട് തള്ളി പാര്‍ട്ടി പ്രചാരണ വിഭാഗം അധ്യക്ഷന്‍ കെ. മുരളീധരന്‍. രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് ബിജെപിയെ തോല്പിക്കാന്‍ കോണ്‍ഗ്രസ്സിന് സിപിഎമ്മിന്റെ ഒരു സഹായവും വേണ്ടെന്നും ഇവിടെ മുഖ്യശത്രു സിപിഎം തന്നെയാണെന്നായിരുന്നു മുരളിയുടെ അഭിപ്രായം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com