ഹർത്താൽ നടത്തുന്നവർക്ക് സംഭാവനയില്ല; നിലപാട് കടുപ്പിച്ച് വ്യവസായ സംഘടനകൾ

ഹർത്താലിനെതിരെ നിലപാട് സ്വീകരിക്കാത്ത രാഷ്ട്രീയ പാർട്ടികൾക്ക് മേലിൽ സംഭാവന നൽകേണ്ടതില്ലെന്ന് വ്യവസായികളുടെ യോഗത്തിൽ തീരുമാനം
ഹർത്താൽ നടത്തുന്നവർക്ക് സംഭാവനയില്ല; നിലപാട് കടുപ്പിച്ച് വ്യവസായ സംഘടനകൾ

കൊച്ചി: ഹർത്താലിനെതിരെ നിലപാട് സ്വീകരിക്കാത്ത രാഷ്ട്രീയ പാർട്ടികൾക്ക് മേലിൽ സംഭാവന നൽകേണ്ടതില്ലെന്ന് വ്യവസായികളുടെ യോഗത്തിൽ തീരുമാനം. സംസ്ഥാനത്തെ ഹർത്താൽ വിമുക്തമാക്കുന്നതിന്റെ ഭാഗമായി കൊച്ചിയിൽ ചേർന്ന വാണിജ്യ വ്യവസായ സംഘടനാ പ്രതിനിധികളുടെ യോഗമാണ് നിലപാടെടുത്തത്. ഇക്കാര്യം അറിയിക്കാനായി മുഖ്യമന്ത്രിയെയും രാഷ്ട്രീയ പാർട്ടി നേതാക്കളെയും അടുത്ത ദിവസം നേരിൽ കാണാനും യോ​ഗം തീരുമാനിച്ചിട്ടുണ്ട്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ആണ് വിവിധ ജില്ലകളിൽ നിന്നുള്ള വാണിജ്യ വ്യവസായ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊച്ചിയിൽ യോഗം സംഘടിപ്പിത്.

ലോക്സഭാ തെരഞ്ഞടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ വൻകിട വാണിജ്യ വ്യവസായ സംരംഭകർ ഇത്തരത്തിലൊരു യോ​ഗം ചേർന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കടക്കം രാഷട്രീയ പാർട്ടികൾക്ക് വൻ തുക സംഭവന നൽകുന്നത് വ്യവസായികളാണ്. എന്നാൽ ഹർത്താൽ ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാൻ പാർട്ടികൾ തയ്യാറാകുന്നില്ല. ഹർത്താലിനിടെ നടക്കുന്ന അക്രമങ്ങളിൽ വാണിജ്യ വ്യവസായ മേഖലക്ക് കനത്ത നഷ്ടമാണ് ഉണ്ടാകുന്നതെന്നും സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.   

ഹർത്താലുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പൊതു ജനങ്ങൾക്കിടയിൽ വിവിധ തരത്തിലുള്ള പ്രചാരണങ്ങൾ നടത്താനും ഹർത്താൽ പൂർണമായി നിരോധിക്കണം എന്നാവശ്യപ്പെട്ട് നിയമ നടപടി തുടങ്ങാനും യോ​ഗത്തിൽ ധാരണയായി. ഹർത്താൽ അനുകൂലികളുടെ ആക്രമം തടയാൻ ഒത്തുചേർന്ന് പ്രവർത്തിക്കും. വിശദമായ കർമ്മ പദ്ധതി തയ്യാറാക്കാൻ ഒൻപതംഗ സബ് കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com