ഓട്ടോറിക്ഷകളിലും ടിക്കറ്റായി, മിനിമം ചാര്‍ജ് പത്തുരൂപ
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th February 2019 06:11 AM |
Last Updated: 12th February 2019 06:11 AM | A+A A- |

കൊച്ചി: ബസിലെപ്പോലെ ഓട്ടോറിക്ഷകളിലും ഇനി ടിക്കറ്റ് ചോദിച്ചുവാങ്ങാം. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നാം. എന്നാല്‍ ഇത് കൊച്ചി മെട്രോ ഫീഡര്‍ സര്‍വീസ് ഓട്ടോറിക്ഷകളിലാണ് ടിക്കറ്റെടുത്ത് യാത്രചെയ്യാന്‍ സൗകര്യമൊരുങ്ങുന്നത്. കെഎംആര്‍എല്‍, പൊലീസ്, മോട്ടോര്‍വാഹന വകുപ്പ്, ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവയുടെ ഉന്നതതല യോഗത്തിലാണ് ടിക്കറ്റ് ഏര്‍പ്പെടുത്താന്‍ തീരുമാനമായത്.
ആദ്യഘട്ടത്തില്‍ 38 ഇ-ഓട്ടോകള്‍ സര്‍വീസ് നടത്തും. വരും നാളുകളില്‍ മറ്റ് ഓട്ടോറിക്ഷകളടക്കം 300 ഓട്ടോകള്‍ ഫീഡര്‍ സര്‍വീസിന്റെ ഭാഗമാകും. സുതാര്യമായ നടത്തിപ്പിന് ടിക്കറ്റ് നല്‍കുന്നത് ഗുണംചെയ്യുമെന്നും ടിക്കറ്റ് യാത്രക്കാര്‍ ചോദിച്ചുവാങ്ങണമെന്നും കെഎംആര്‍എല്‍ എംഡി എ പി എം മുഹമ്മദ് ഹനീഷ് പറഞ്ഞു.
ഓട്ടോറിക്ഷകളില്‍ യാത്രക്കാര്‍ക്ക് കയറാന്‍ സാധിക്കുന്ന ഇടങ്ങള്‍ ഏതെല്ലാമാണെന്ന് നിര്‍ണയിക്കാന്‍ കെഎംആര്‍എല്‍, പൊലീസ്, ഓട്ടോ ഡ്രൈവേഴ്‌സ് സൊസൈറ്റി എന്നിവയുടെ സംയുക്ത പരിശോധനകള്‍ നടത്തും. യോഗത്തില്‍ ഫീഡര്‍ ഓട്ടോറിക്ഷകളുടെ യാത്രാനിരക്കും നടത്തിപ്പും ചര്‍ച്ചയായി.
ഫീഡര്‍ ഓട്ടോകളില്‍ ആദ്യ രണ്ടു കിലോമീറ്ററിന് മിനിമം ചാര്‍ജ് 10 രൂപയാക്കി നിജപ്പെടുത്തി. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും അഞ്ചു രൂപ അധികമായി നല്‍കണം. യാത്രക്കാരില്‍നിന്നും അമിതതുക ഈടാക്കില്ലെന്ന് ഡ്രൈവേഴ്‌സ് യൂണിയന്‍ യോഗത്തില്‍ ഉറപ്പുനല്‍കി.