ഡല്‍ഹി ഹോട്ടല്‍ തീപിടുത്തം : കാണാതായ രണ്ട് മലയാളികളും മരിച്ചു ; മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th February 2019 01:10 PM |
Last Updated: 12th February 2019 01:10 PM | A+A A- |
ന്യൂഡല്‍ഹി: ഡല്‍ഹി കരോള്‍ ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലിലുണ്ടായ തീപ്പിടുത്തത്തില്‍ കാണാതായ രണ്ട് മലയാളികള്‍ കൂടി മരിച്ചതായി സ്ഥിരീകരിച്ചു. കാണാതായ ചേരാനെല്ലൂര്‍ സ്വദേശികളായ നളിനിയമ്മ, വിദ്യാസാഗര്‍ എന്നിവരാണ് മരിച്ചത്. തീപിടുത്തത്തില്‍ ചോറ്റാനിക്കര സ്വദേശി ജയശ്രീ മരിച്ചതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ജയശ്രീയുടെ അമ്മയും സഹോദരനുമാണ് നളിനിയമ്മയും വിദ്യാസാഗറും.
ചേരാനെല്ലൂരില്‍ നിന്നും ബന്ധുവിന്റെ വിവാഹത്തിനായി ഗാസിയാബാദിലേക്ക് പോയതായിരുന്നു ഇവര്‍. വിവാഹശേഷം ഡല്‍ഹിയും സമീപപ്രദേശങ്ങളും കണ്ടശേഷം നാട്ടിലേക്ക് പോരാനായിരുന്നു ഇവരുടെ പദ്ധതി. ഇന്ന് അമൃത്സര്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരിക്കുകയായിരുന്നുവെന്ന് ഇവരുടെ ബന്ധുക്കള്‍ സൂചിപ്പിച്ചു. സംഘത്തിലെ മറ്റു 10 പേരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ മജിസ്റ്റീരിയല്‍ തല അന്വേഷണത്തിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായവും പ്രഖ്യാപിച്ചു.
ഡല്‍ഹി കരോള്‍ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ 17 പേരാണ് മരിച്ചത്. അര്‍പ്പിത് പാലസ് ഹോട്ടലില്‍ പുലര്‍ച്ചെ നാലരയോടെയാണ് തീപ്പിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് 60 താമസക്കാരാണ് ഹോട്ടലിലുണ്ടായിരുന്നത്. 35 പേരെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു.
ഹോട്ടലിന്റെ നാലാം നിലയിലാണ് ആദ്യം തീപിടിച്ചത്. ഇത് രണ്ടാം നിലവരെ പടര്‍ന്നു. തീപടര്‍ന്നതോടെ രക്ഷപ്പെടാന്‍ ചാടിയ സ്ത്രീയും കുഞ്ഞുമാണ് മരിച്ചത്. ഗ്രൗണ്ട് ഫ്‌ളോറിലും ബേസ്‌മെന്റിലും എത്തുന്നതിന് മുമ്പ് തീ നിയന്ത്രണ വിധേയമാക്കി. തീ പൂര്‍ണ്ണമായും അണച്ചതായി അഗ്‌നിശമനസേനാ അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.