കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് ഏഷ്യാനെറ്റ് സര്‍വെ; യുഡിഎഫ് 14-16 സീറ്റുകള്‍; എല്‍ഡിഎഫ് 3-5; ബിജെപി 1
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th February 2019 09:13 PM |
Last Updated: 13th February 2019 09:26 PM | A+A A- |
തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് ഏഷ്യാനെറ്റ് -എസെഡ് റിസേര്‍ച്ച് പാര്‍ട്ടണേഴ്‌സ് അഭിപ്രായ സര്‍വെ. യുഡിഎഫ് 14 മുതല്‍ 16 സീറ്റുകള്‍വരെ നേടുമ്പോള്‍ മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റുകളാണ് എല്‍ഡിഎഫ് നേടുക. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഒരു ഒരു സീറ്റ് നേടിയേക്കും എന്നും അഭിപ്രായ സര്‍വെ പറയുന്നു.
44 ശതമാനം വോട്ടുകള്‍ യുഡിഫ് നേടാന്‍ കഴിയുമ്പോള്‍ എല്‍ഡിഎഫിന് മുപ്പത് ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിക്കുക. ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വന്‍വര്‍ധനവുണ്ടാവുമെന്നും സര്‍വെ പറയുന്നു. വടക്കന്‍ കേരളത്തില്‍ (1. കാസര്‍കോട് 2. കണ്ണൂര്‍ 3. വടകര 4. വയനാട് 5. കോഴിക്കോട് 6. മലപ്പുറം 7. പൊന്നാനി 8. പാലക്കാട്) ഏഴ് മുതല്‍ എട്ട് സീറ്റ് വരെ യുഡിഎഫ് ജയിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. 48 ശതമാനം വരെ വോട്ടു വിഹിതമാണ് ഈ മേഖലയില്‍ യുഡിഎഫിന് കിട്ടാന്‍ സാധ്യത. പൂജ്യം മുതല്‍ ഒരു സീറ്റുവരെ വടക്കന്‍ കേരളത്തില്‍ എല്‍ഡിഎഫിന് കിട്ടുമെന്ന് സര്‍വേ പ്രവചിക്കുന്നു. 33 ശതമാനം വോട്ടുവിഹിതമാണ് ഇവിടെ എല്‍ഡിഎഫിന് പ്രവചിക്കുന്നത്. 16 ശതമാനം വോട്ടുകള്‍ ഇവിടെ എന്‍ഡിഎ പിടിക്കും.
മധ്യകേരളത്തില്‍ (9. ആലത്തൂര്‍ 10. തൃശൂര്‍ 11. ചാലക്കുടി 12 എറണാകുളം 13. ഇടുക്കി) നാല് മുതല്‍ അഞ്ച് സീറ്റ് വരെ യുഡിഎഫിന് കിട്ടുമെന്നാണ് വിലയിരുത്തല്‍. എല്‍ഡിഎഫ് പരമാവധി ഒരു സീറ്റ് നേടും. യുഡിഎഫിന് ഇവിടെ 42 ശതമാനം വോട്ടും എല്‍ഡിഎഫിന് 27 ശതമാനം വോട്ടും എന്‍ഡിഎയ്ക്ക് 17 ശതമാനം വോട്ടും ലഭിക്കും എന്ന് സര്‍വേ പ്രവചിക്കുന്നു.
തെക്കന്‍ കേരളത്തില്‍ (14. കോട്ടയം 15. ആലപ്പുഴ 16. മാവേലിക്കര 17. പത്തനംതിട്ട 18. കൊല്ലം 19. ആറ്റിങ്ങല്‍ 20. തിരുവനന്തപുരം) 44 ശതമാനം വോട്ടു പിടിച്ച് യുഡിഎഫ് മൂന്ന് മുതല്‍ അ!ഞ്ച് വരെ സീറ്റ് നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. ഈ മേഖലയില്‍ ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിച്ചേക്കും 28 ശതമാനം വോട്ടുവിഹിതവും അവര്‍ക്ക് ലഭിക്കും. കേരളത്തില്‍ ബിജെപിക്ക് വിജയസാധ്യതയുള്ള ഒരേ ഒരു സീറ്റും തെക്കന്‍ കേരളത്തിലാണ്. 20 ശതമാനം വോട്ടുവിഹിതം നേടി ബിജെപി തെക്കന്‍ കേരളത്തിലെ ഏഴ് സീറ്റുകളിലൊന്നില്‍ ജയിച്ചേക്കാം എന്ന് സര്‍വേ പ്രവചിക്കുന്നു.
പതിനൊന്ന് മണ്ഡലങ്ങളില്‍ നടത്തിയ അഭിപ്രായ സര്‍വെഫലമാണ് പുറത്തുവന്നത്. കാസര്‍കോഡ്, വടകര, കോഴിക്കോട് പൊന്നാനി, ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി, കോട്ടയം, ആലപ്പുഴ, കൊല്ലം തിരുവനന്തപുരം മണ്ഡലങ്ങളിലാണ് സര്‍വെ നടത്തിയത്.
5500 ആളുകളാണ് സര്‍വെയില്‍ പങ്കെടുത്തത്. ദേശീയ രാഷ്ട്രീയ വിഷയങ്ങളെക്കാള്‍ ശബരിമല യുവതി പ്രവേശമായിരിക്കും തെരഞ്ഞടുപ്പില്‍ മുഖ്യചര്‍ച്ചാവിഷയമെന്ന് അഭിപ്രായ സര്‍വെ പറയുന്നു. തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ പേരും ശബരിമല മുഖ്യവിഷയമാകും എന്നഭിപ്രായപ്പെട്ടത്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും സജീവ ചര്‍ച്ചയാകുമെന്നും സര്‍വെ പറയുന്നു. ഇന്ധനവിലയും തെരഞ്ഞടുപ്പ് വിഷയത്തില്‍ സജീവ ചര്‍ച്ചയാകും. സ്ത്രീ സുരക്ഷ, ഇവിഎം തിരിമറി,അഴിമതി, നാട്ട നിരോധനം, മുത്തലാഖ്, രാമക്ഷേത്രനിര്‍മ്മാണവും കേരളത്തിന്റെ പശ്ചാത്തലത്തില്‍ സജീവചര്‍ച്ചയാകുമെന്ന് സര്‍വെ പറയുന്നു.
പ്രളയകാലത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നല്ലതായിരുന്നെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. കേരളത്തിലെ ജനപ്രീതിയുള്ള നേതാവ് ഉമ്മന്‍ ചാണ്ടിയാണ്. തൊട്ടുപിന്നില്‍ വിഎസ് അച്യുതാനന്ദനാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് മൂന്നാംസ്ഥാനത്ത്.