പുന്നലയ്ക്ക് എതിരാളി ടി വി ബാബു?; അഞ്ച് സീറ്റ് മതിയെന്ന് ബിഡിജെഎസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th February 2019 08:00 AM |
Last Updated: 13th February 2019 08:00 AM | A+A A- |

ആലപ്പുഴ : ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റുകളുടെ കാര്യത്തില്‍ മുന്‍ നിലപാടില്‍ നിന്നും അയഞ്ഞ് ബിഡിജെഎസ്. തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റുകള്‍ മതിയെന്ന് ബിഡിജെഎസ് ബിജെപി നേതൃത്വത്തെ അറിയിച്ചു. നേരത്തെ ആവശ്യപ്പെട്ടിരുന്ന ആലത്തൂരിന് പകരം മാവേലിക്കരയില്‍ മല്‍സരിക്കാനും ധാരണയായിട്ടുണ്ട്.
മാവേലിക്കരയില്‍ കെപിഎംഎസ് നേതാവ് ടി വി ബാബു ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. ഇടതുപക്ഷം ഇവിടെ കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറിനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വനിതാ മതില്‍ സംഘാടക സമിതിയുടെ മുഖ്യ ചുമതലക്കാരനായിരുന്ന പുന്നല ശ്രീകുമാര്‍ ഇടതുനേതൃത്വവുമായി അടുപ്പത്തിലാണ്.
മാവേലിക്കര നിലവില്‍ സിപിഐയുടെ സീറ്റാണ്. എന്നാല്‍ പുന്നല മുന്‍ സിപിഐ പ്രവര്‍ത്തകനാണ് എന്നതും അദ്ദേഹത്തിന്റെ സാധ്യതകള്‍ സജീവമാക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. വയനാട്ടില്‍ ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ഷാജി ബത്തേരിയെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കാനും ധാരണയായിട്ടുണ്ട്.
തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിക്കുകയാണെങ്കില്‍ തൃശൂര്‍ നല്‍കും. അല്ലെങ്കില്‍ തൃശൂര്‍ ബിജെപി എടുത്ത്, പകരം പാലക്കാട് ബിഡിജെഎസിന് നല്‍കും. ഇടുക്കി, എറണാകുളം എന്നിവയാണ് ബിഡിജെഎസ് മല്‍സരിക്കുന്ന മറ്റ് സീറ്റുകള്‍. 14 സീറ്റുകളില്‍ ബിജെപി നേരിട്ട് മല്‍സരിക്കാനുമാണ് തീരുമാനമായിട്ടുള്ളത്.