മൂന്നാര്‍ പഞ്ചായത്ത് നിര്‍മ്മാണം; സ്റ്റോപ്പ് മെമ്മോ നല്‍കിയതില്‍ ദുരൂഹതയെന്ന് എംഎം മണി
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th February 2019 07:39 PM |
Last Updated: 13th February 2019 07:39 PM | A+A A- |

മൂന്നാര്‍: മൂന്നാറില്‍ പഞ്ചായത്തിന്റെ കെട്ടിട നിര്‍മാണത്തിന് അവസാന നിമിഷം സ്‌റ്റോപ്പ് മെമോ നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന് വൈദ്യുതി മന്ത്രി എം എം മണി. കെട്ടിട നിര്‍മാണ ജോലികള്‍ അവസാന ഘട്ടത്തില്‍ ആയിരുന്നുവെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും എം എം മണി ആവശ്യപ്പെട്ടു. അനധികൃത നിര്‍മാണങ്ങള്‍ നടത്തിയവരില്‍ ഏറെയും കോണ്‍ഗ്രസുകാരാണെന്നും മണി ആരോപിച്ചു.
സബ് കളക്ടര്‍ രേണുരാജിനെതിരായ എസ് രാജേന്ദ്രന്റെ പരാമര്‍ശം പാടില്ലാത്തതാണ്. ഇതില്‍ സിപിഎം നിലപാട് വ്യക്തമാക്കിയതാണെന്നും രാജേന്ദ്രന് എതിരായ നടപടി എന്തെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും എം എം മണി പറഞ്ഞു. അതേസമയം മൂന്നാര്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും റവന്യൂ മന്ത്രിയെ കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പൊതുതാല്പര്യം മുന്‍ നിര്‍ത്തിയാണ് കെട്ടിടം പണിയെന്നും തടസ്സങ്ങള്‍ നീക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ മൂന്നാറില്‍ പഞ്ചായത്തിന്റെ കെട്ടിട നിര്‍മാണം ഹൈക്കോടതിയുടെ സ്‌റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് സ്‌റ്റേ ചെയ്തത്. മൂന്നാറിലെ സിപിഐ നേതാവ് ഔസേപ്പ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.