യുഡിഎഫിന് 12ഉം എല്‍ഡിഎഫിന് എട്ടുമെന്ന് യുവമോര്‍ച്ചാ നേതാവ്; ബിജെപിക്ക് ഒന്നുമില്ലേയെന്ന് അണികള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th February 2019 02:30 PM |
Last Updated: 13th February 2019 02:30 PM | A+A A- |

ഇടുക്കി: അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് 12 സീറ്റും എല്‍ഡിഎഫ് എട്ടു സീറ്റും നേടുമെന്ന് യുവമോര്‍ച്ചാ നേതാവിന്റെ ഫെയ്‌സ്ബു്ക്ക് പോസ്റ്റ്. യുവമോര്‍ച്ച ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് റിജോ എബ്രഹാമാണ് ബിജെപിക്കു കേരളത്തില്‍ സീറ്റൊന്നും കിട്ടില്ലെന്നു പ്രവചിച്ചത്. പോസ്റ്റ് പാര്‍ട്ടി വൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.
ശബരിമല സമരത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ബിജെപിക്കു വന്‍ മുന്നേറ്റത്തിനു സാധ്യതയുണ്ടെന്ന് ബിജെപി നേതാക്കള്‍ വിലയിരുത്തുമ്പോഴാണ് സീറ്റുകള്‍ യുഡിഎഫും എല്‍ഡിഎഫും വീതിച്ചെടുക്കുമെന്നാണ് യുവമോര്‍ച്ചാ നേതാവ് പ്രവചനം നടത്തിയിരിക്കുന്നത്. വിവിധ ദേശീയ മാധ്യമങ്ങള്‍ നടത്തിയ സര്‍വേയില്‍ കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റിനു സാധ്യതയുണ്ടെന്നു പ്രവചിച്ചിരുന്നു. ഇതിലപ്പുറമുള്ള പ്രതീക്ഷയാണ് നേതാക്കള്‍ അണികള്‍ക്കു മുന്നില്‍ പങ്കുവയ്ക്കുന്നത്.
നേതൃത്വത്തില്‍ നില്‍ക്കുന്നവരില്‍നിന്നു തന്നെ ഇത്തരത്തില്‍ വിലയിരുത്തലുകള്‍ ഉണ്ടാവുന്നത് അണികളുടെ ആത്മവിശ്വാസം കെടുത്തുമെന്ന വിമര്‍ശനം റിജോയുടെ പോസ്റ്റിനെതിരെ ഉയര്‍ന്നിട്ടുണ്ട്. ചിലര്‍ പരിഹാസത്തിലൂടെയും പോസ്റ്റിനോടു പ്രതികരിച്ചു. എന്‍ഡിഎയ്ക്ക് ഒരു സീറ്റെങ്കിലും തരൂ എന്നാണ് ഇവര്‍ പോസ്റ്റിനടിയില്‍ കമന്റ് ചെയ്തത്.