കെവിന്‍ വധക്കേസ്: പ്രാഥമികവാദം ഇന്ന് ആരംഭിക്കും, ആറ് മാസത്തിനകം വിധി

ദുരഭിമാനക്കൊലയുടെ പരിധിയില്‍ വന്നാല്‍ കേസില്‍ ആറ് മാസത്തിനുള്ളില്‍ വിധിയുണ്ടാകുമെന്നുള്ളതാണ് പ്രത്യേകത.
കെവിന്‍ വധക്കേസ്: പ്രാഥമികവാദം ഇന്ന് ആരംഭിക്കും, ആറ് മാസത്തിനകം വിധി

കോട്ടയം: കെവിന്‍ വധക്കേസില്‍ പ്രാഥമികവാദം ഇന്ന് ആരംഭിക്കും. പ്രതികള്‍ക്കെതിരെ കുറ്റം ചുമത്താന്‍ വേണ്ടിയുള്ള വാദപ്രതിവാദങ്ങളായിരിക്കും ഇന്ന് നടക്കുക. ജില്ലാ അഡീഷനല്‍ സെഷന്‍സ് നാലാം കോടതിയിലാണ് വിചാരണ. കെവിന്റെ കൊലപാതകം ദുരഭിമാനക്കൊലയുടെ വിഭാഗത്തില്‍ പെടുത്തിയിരുന്നു. ദുരഭിമാനക്കൊലയുടെ പരിധിയില്‍ വന്നാല്‍ കേസില്‍ ആറ് മാസത്തിനുള്ളില്‍ വിധിയുണ്ടാകുമെന്നുള്ളതാണ് പ്രത്യേകത.

കെവിന്‍ പി ജോസഫ് ഇതരമതവിഭാഗത്തില്‍പ്പെട്ട നീനു എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് ജാതിവ്യത്യാസം സംബന്ധിച്ചുള്ള ദുരഭിമാനവും വിദ്വേഷവും കൊലപാതകത്തിലേക്ക് എത്തിയെന്നാണ് പ്രൊസിക്യൂഷന്‍ വാദിക്കുന്നത്. നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ ആണ് കേസിലെ ഒന്നാം പ്രതി. 

രണ്ടാം പ്രതി നിയാസ്, നാലാം പ്രതി റിയാസ്, അഞ്ചാം പ്രതി നീനുവിന്റെ പിതാവ് ചാക്കോ, ഏഴാം പ്രതി ഷെഫിന്‍ ഷജാദ്, 10ാം പ്രതി വിഷ്ണു(അപ്പു) എന്നിവര്‍ ഇപ്പോഴും റിമാന്‍ഡിലാണ്. മറ്റു പ്രതികളെ വിട്ടയച്ചു. പ്രതികള്‍ സഞ്ചരിച്ച മൂന്നു കാറുകള്‍, 190 രേഖകള്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, മൊബൈല്‍, സിസിടിവി ക്യാമറ തുടങ്ങിയവയാണു മറ്റു തെളിവുകള്‍.

പതിനാല് പ്രതികള്‍ക്കെതിരെ പത്ത് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വധശിക്ഷ വരെ ലഭിക്കാവുന്ന നരഹത്യ (302), തട്ടിയെടുത്തു വിലപേശല്‍ (364 എ) എന്നിവയ്ക്കു പുറമേ ഗൂഢാലോചന (120-ബി), ഭവന ഭേദനം (449), പരുക്കേല്‍പ്പിക്കല്‍ (321), തടഞ്ഞുവയ്ക്കല്‍ (342), ഭീഷപ്പെടുത്തല്‍ (506-രണ്ട്), നാശനഷ്ടമുണ്ടാക്കല്‍ (427), തെളിവുനശിപ്പിക്കല്‍ (201), പൊതു ഉദ്ദേശ്യം (34) എന്നിവയാണു വകുപ്പുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com