തിരുവനന്തപുരത്ത് ശ്രീധരന്‍ പിള്ള തന്നെ?,  സെന്‍കുമാര്‍ ഇല്ല, സുരേന്ദ്രന്‍ കാസര്‍ക്കോട്; ബിജെപി പട്ടികയായി 

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രാഥമിക സ്ഥാനാര്‍ഥി പട്ടിക കേന്ദ്ര നേതൃത്വത്തിനു കൈമാറി
തിരുവനന്തപുരത്ത് ശ്രീധരന്‍ പിള്ള തന്നെ?,  സെന്‍കുമാര്‍ ഇല്ല, സുരേന്ദ്രന്‍ കാസര്‍ക്കോട്; ബിജെപി പട്ടികയായി 

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രാഥമിക സ്ഥാനാര്‍ഥി പട്ടിക കേന്ദ്ര നേതൃത്വത്തിനു കൈമാറി. ഓരോ മണ്ഡലത്തിലും മൂന്നോ നാലോ  പേരുകള്‍ വീതം ഉള്‍പ്പെടുത്തിയ പട്ടികയാണ് സംസ്ഥാന നേതൃത്വം തയാറാക്കിയത്. 

മത്സരിക്കാനില്ലെന്ന് പലവട്ടം പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ പേര് ഉള്‍പ്പെടുത്തിയാണ് തിരുവനന്തപുരം മണ്ഡലത്തിലെ പട്ടിക നല്‍കിയിട്ടുള്ളത്. ശ്രീധരന്‍ പിള്ളയ്ക്കു പുറമേ മിസോറം ഗവര്‍ണറും മുന്‍ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, രാജ്യസഭാംഗം സുരേഷ് ഗോപി എന്നിവരുടെ പേരും തിരുവനന്തപുരം മണ്ഡലത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തിനു പുറമേ തൃശൂര്‍, കാസര്‍ക്കോട് മണ്ഡലങ്ങളിലും കെ സുരേന്ദ്രന്റെ പേര് ഉള്‍പ്പെടുത്തി. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്നതിന് അനുസരിച്ചാവും തൃശൂരില്‍ സുരേന്ദ്രന്റെ സാധ്യത. തുഷാര്‍ മത്സരിക്കുമെങ്കില്‍ തൃശൂര്‍ വിട്ടുകൊടുക്കാന്‍ തയാറെന്ന് നേരത്തെ ബിജെപി നേതൃത്വം വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

തിരുവനന്തപുരത്തിനു പുറമേ കൊല്ലം മണ്ഡലത്തിലും സുരേഷ് ഗോപിയുടെ പേര് നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ പേര് പാലക്കാട്ടും ആറ്റിങ്ങലിലുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

പത്തനംതിട്ടയില്‍ ശബരിമല സമരത്തിന്റെ പശ്ചാത്തലത്തിലെ അനുകൂല സാഹചര്യം മുതലാക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. തന്ത്രികുടുംബാംഗമായ മഹേഷ് മോഹനര്, പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ എന്നിവരുടെ പേരുകള്‍ പത്തനംതിട്ട മണ്ഡലത്തിലേക്കു നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, എന്‍ടി രമേശ് എന്നിവരാണ് പത്തനംതിട്ടയില്‍ ഉള്‍പ്പെടുത്തിയ മറ്റു പേരുകള്‍. 

കുമ്മനം രാജശേഖരന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അദ്ദേഹം ഗവര്‍ണര്‍ സ്ഥാനം വിട്ട് തിരിച്ചുവരില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ പശ്ചാത്തലത്തില്‍ ശ്രീധരന്‍ പിള്ള തന്നെ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാവുമെന്നും അവര്‍ വിലയിരുത്തുന്നു. സാമുദായിക താത്പര്യം പരിഗണിക്കുമ്പോള്‍ കെ സുരേന്ദ്രനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കുന്നതു ഗുണം ചെയ്യില്ലെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നത്. കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ സീതാരാമന്‍ സ്ഥാനാര്‍ഥിയാവണമെന്ന താത്പര്യം സംസ്ഥാന നേതൃത്വം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വം തീരുമാനമെടുത്തിട്ടില്ല.

ശബരിമല സമരത്തില്‍ നിറഞ്ഞുനിന്ന മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ പേര് സാധ്യതാ പട്ടികയില്‍ പോലും ഇടംപിടിച്ചില്ലെന്നാണ് സൂചന. നേരത്തെ ഇദ്ദേഹത്തിന്റെ പേര് ആറ്റിങ്ങലില്‍ സജീവമായി പരിഗണിച്ചിരുന്നു. നമ്പി നാരായണന് പദ്മ പുരസ്‌കാരം നല്‍കിയതിനെച്ചൊല്ലി നടത്തിയ വിവാദ പ്രസ്താവനയാണ് സെന്‍കുമാറിനു വിനയായതെന്നാണ് കരുതുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com