ലൈം​ഗിക പീഡനം : മുൻ ഇമാമിനെതിരെ ലുക്കൗട്ട് നോട്ടീസ് ; തെരച്ചിൽ ഊർജ്ജിതം

ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് സ്വന്തം കാറിനുള്ളില്‍ വെച്ചാണ് ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്
ലൈം​ഗിക പീഡനം : മുൻ ഇമാമിനെതിരെ ലുക്കൗട്ട് നോട്ടീസ് ; തെരച്ചിൽ ഊർജ്ജിതം

തിരുവനന്തപുരം: നെടുമങ്ങാട് 15 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ  മുൻ ഇമാം ഷഫീഖ് അൽ ഖാസിമിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പൊലീസ് തീരുമാനിച്ചു. ഒളിവിൽ പോയ ഇയാൾ കേരളം വിടാനുള്ള സാധ്യത കൂടി പരി​ഗണിച്ചാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. മുൻ ഇമാമിനെ കണ്ടെത്താനുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി. 

ഇയാളുടെ ജന്മനാടായ ഈരാറ്റുപേട്ടയിലും ബന്ധു വീടുകളിലും നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ഇതിനിടെ ഇമാം കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കീഴടങ്ങാൻ പൊലീസ് ഇമാമിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കഴിഞ്ഞദിവസമാണ് മുൻ  ഇമാം ഷഫീക്ക് അൽ ഖാസിമിക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തത്. വിതുര പൊലീസാണ് പള്ളി പ്രസിഡന്റിന്റെ പരാതിയിൽ കേസെടുത്തത്. തൊളിക്കോട് ജമാഅത്തിലെ ഇമാമാണ് ഷഫീക്ക്. ആരോപണത്തിന് പിന്നാലെ ഇയാളെ ഇമാം സ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു.

ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് സ്വന്തം കാറിനുള്ളില്‍ വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തൊഴിലുറപ്പ് ജോലിക്ക് എത്തിയവരാണ് പീഡന ശ്രമം തടഞ്ഞത്. ഇമാമിന് എതിരെ പൊലീസ് നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് സെന്‍റര്‍ഫോര്‍ ഫിലിം ജെന്‍ഡര്‍ ആന്‍ഡ്‍ കള്‍ച്ചറല്‍ സ്റ്റഡീസ്‍ എന്ന സ്ഥാപനം മുഖ്യമന്ത്രിക്കും ഡിജിപിക്കും നേരത്തെ കത്ത് നല്‍കിയിരുന്നു. അന്വേഷണം വൈകുന്നത് ഇമാമിനെ സഹായിക്കാന്‍ വേണ്ടിയാണെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com