അന്നന്ന് ജീവിക്കാന്‍ കഷ്ടപ്പെടുന്ന ജീവിതങ്ങളാണ് ഇവിടെയുള്ളത്; അവരെയെല്ലാം തൂക്കിയെടുത്താലും മോഹന്‍ലാലിനോട് യുദ്ധം ചെയ്യാനാകില്ല: ശോഭന ജോര്‍ജ്ജ്

മോഹന്‍ലാലിനെപ്പോലുള്ള ഒരു നടനോട് പാവപ്പെട്ട പതിനായിരക്കണക്കിന് സ്ത്രീകള്‍ ജോലി ചെയ്യുന്ന ഖാദി ബോര്‍ഡുപോലുള്ള ഒരു കുഞ്ഞു സ്ഥാപനം എന്തു ചെയ്യാനാണ്
അന്നന്ന് ജീവിക്കാന്‍ കഷ്ടപ്പെടുന്ന ജീവിതങ്ങളാണ് ഇവിടെയുള്ളത്; അവരെയെല്ലാം തൂക്കിയെടുത്താലും മോഹന്‍ലാലിനോട് യുദ്ധം ചെയ്യാനാകില്ല: ശോഭന ജോര്‍ജ്ജ്


തിരുവനന്തപുരം: സംസ്ഥാന ഖാദി ബോര്‍ഡിനെതിരേ 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസയച്ച വിഷയത്തില്‍ പ്രതികരണവുമായി ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ്ജ്. മോഹന്‍ലാലില്‍ നിന്ന് നോട്ടീസ് ലഭിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയെന്നും അദ്ദേഹത്തോട് യുദ്ധം ചെയ്യാനുള്ള കെല്‍പ്പ് ഖാദി ബോര്‍ഡിന് ഇല്ലെന്നും ശോഭന ജോര്‍ജ്ജ് പറഞ്ഞു. 

പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചതോടെയാണു വിവാദങ്ങളുടെ തുടക്കം. പരസ്യത്തില്‍ മോഹന്‍ലാല്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന രംഗത്തില്‍ അഭിനയിച്ചിരുന്നു. ഇതിനെതിരേ ഖാദി ബോര്‍ഡ് നോട്ടീസ് അയച്ചിരുന്നു. സ്വകാര്യ സ്ഥാപനത്തിന്റെ ഉത്പന്നത്തിനു ഖാദിയുമായി ബന്ധമില്ലെന്നും ഈ പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നതു ഖാദിബോര്‍ഡിനു നഷ്ടവും സ്വകാര്യ സ്ഥാപനത്തിനു ലാഭവും ഉണ്ടാക്കുമെന്നും വിലയിരുത്തി പരസ്യം പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.

'മോഹന്‍ലാലിനെപ്പോലുള്ള ഒരു നടനോട് പാവപ്പെട്ട പതിനായിരക്കണക്കിന് സ്ത്രീകള്‍ ജോലി ചെയ്യുന്ന ഖാദി ബോര്‍ഡുപോലുള്ള ഒരു കുഞ്ഞു സ്ഥാപനം എന്തു ചെയ്യാനാണ്. ഞങ്ങള്‍ മോഹന്‍ലാലിനോട് ചര്‍ക്ക ഉപയോഗിച്ചുള്ള പരസ്യത്തില്‍ നിന്ന് പിന്‍മാറണമെന്നാണ് ആവശ്യപ്പെട്ടത്. സത്യത്തില്‍ ആവശ്യപ്പെടുകയായിരുന്നില്ല. അപേക്ഷിക്കുകയായിരുന്നു. ഖാദിയുടെ പേരില്‍ സ്വകാര്യ സ്ഥാപനത്തില്‍ കച്ചവടം കൂടി. ഞങ്ങളെ സാരമായി ബാധിച്ചു. വില്‍പ്പന കുറഞ്ഞപ്പോള്‍ ഉല്‍പ്പാദനം നിര്‍ത്തി വച്ചു. പാവപ്പെട്ട സ്ത്രീകളുടെ വരുമാനം നിലച്ചു. തുച്ഛമായ വേതനത്തിലാണ് അവര്‍ ജോലി ചെയ്യുന്നത് എന്ന്ആലോചിക്കണം. ഞങ്ങള്‍ ഈ സ്വകാര്യ സ്ഥാപനത്തിനെതിരേ മാത്രമല്ല ഫാബ് ഇന്ത്യക്കും നോട്ടീസ് അയച്ചിരുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ അദ്ദേഹത്തോട് പിന്‍മാറണമെന്ന് പറഞ്ഞതെന്നും ശോഭനാ ജോര്‍ജ്ജ് പറഞ്ഞു.

സത്യം പറഞ്ഞാല്‍ ബോര്‍ഡിന് അറിയില്ല എന്തു ചെയ്യണമെന്ന്. ഈ മേഖലയില്‍ ജോലി ചെയ്യുന്ന പതിനായിരങ്ങള്‍ ഒരുമിച്ച് നിന്നാലും ഞങ്ങള്‍ക്ക് 50 കോടി നല്‍കാനില്ല. ശക്തനായ ഒരാളോട് ഖാദി ബോര്‍ഡ് എന്തു ചെയ്യനാണ്. അന്നന്ന് ജീവിക്കാന്‍ കഷ്ടപ്പെടുന്ന ജീവിതങ്ങളാണ് ഇവിടെയുള്ളത്. അവരെയെല്ലാം തൂക്കിയെടുത്താലും മോഹന്‍ലാലിനോട് യുദ്ധം ചെയ്യാനാകില്ല. വരുന്നത് അനുഭവിക്കുക എന്നതല്ലാതെ വേറെ ഒരു മാര്‍ഗവുമില്ല. അതുകൊണ്ടാണ് ഈ വക്കീല്‍ നോട്ടീസ് രഹസ്യമായി വെച്ചത്. 

സത്യത്തില്‍ ഞങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ല. മാപ്പ് പറയണം എന്ന് പറയുന്നു. എന്ത് പറഞ്ഞ് മാപ്പ് പറയണം? അദ്ദേഹം പറയുന്നത്  കൈത്തറിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആണ് എന്ന്. പിന്നെ എന്തിനാണ് സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യത്തില്‍ അദ്ദേഹം അഭിനയിച്ചതെന്ന് മനസ്സിലാകുന്നില്ല. മോഹന്‍ലാല്‍ ഖാദിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. 

മോഹന്‍ലാലുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. അദ്ദേഹം കൈയ്യെത്താത്ത ദൂരത്താണ്. മോഹന്‍ലാലിന്റെ ആരാധികയാണ് ഞാന്‍. അദ്ദേഹത്തിനെതിരേ ഒന്നും സംസാരിച്ചിട്ടില്ല.' വക്കീല്‍ നോട്ടസ് അയച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെ സമീപിക്കില്ലെന്നും ശോഭന ജോര്‍ജ് പറഞ്ഞു.'ഇത് ഞങ്ങള്‍ തന്നെ നേരിടും. സര്‍ക്കാറിനെ സമീപിക്കുന്നില്ല. കൂടിപ്പോയാല്‍ തൂക്കിക്കൊല്ലും. അത്രയല്ലേയുള്ളൂ. എനിക്ക് ആ കാര്യത്തില്‍ ഒരു പേടിയുമില്ല'. ശോഭനാ ജോര്‍ജ്ജ് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com