ചാലക്കുടി തിരികെ വേണമെന്ന് ധനപാലന്‍; വിഎം സുധീരന്‍ മുതല്‍ ടിഎന്‍ പ്രതാപന്‍ വരെയുള്ളവരുടെ പട്ടികയുമായി യുഡിഎഫ്

2014ല്‍ കൈവിട്ട ചാലക്കുടി മണ്ഡലം ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരികെ പിടിക്കാന്‍ ഉറച്ച് യുഡിഎഫ്
ചാലക്കുടി തിരികെ വേണമെന്ന് ധനപാലന്‍; വിഎം സുധീരന്‍ മുതല്‍ ടിഎന്‍ പ്രതാപന്‍ വരെയുള്ളവരുടെ പട്ടികയുമായി യുഡിഎഫ്

ചാലക്കുടി: 2014ല്‍ കൈവിട്ട ചാലക്കുടി മണ്ഡലം ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരികെ പിടിക്കാന്‍ ഉറച്ച് യുഡിഎഫ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി കോണ്‍ഗ്രസ് ക്യാമ്പയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. തൃശൂര്‍ ഡിസിസി പ്രസിഡന്റ് ടിഎന്‍ പ്രതാപന്റെ പേരുമായി ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ചാലക്കുടിയില്‍ ബെന്നി ബഹനാന്‍ എത്തിയാല്‍ തൃശൂര്‍ മണ്ഡലമായാലും മതിയെന്ന നിലപാടിലാണ് പ്രതാപന്‍. ചാലക്കുടി വേണമെന്ന ആവശ്യവുമായി മുന്‍ എംപി കെപി ധനപാലനും രംഗത്തുണ്ട്. മത്സരിക്കില്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ പേരും ഒരുവിഭാഗം ഉയര്‍ത്തിക്കാട്ടുന്നുണ്ട്. 

ജോസഫ് ടാജറ്റിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നു. സഭയുടെ പിന്തുണ നിര്‍ണായകമായ മണ്ഡലമാണ് ചാലക്കുടി. കഴിഞ്ഞ തവണ പിസി ചാക്കോയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. തൃശൂരില്‍ നിന്ന് മണ്ഡലം മാറിയെത്തിയ ചാക്കോയെ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ഇന്നസെന്റ് അട്ടിമറിച്ചു. തൃശൂര്‍ മണ്ഡവും കോണ്‍ഗ്രസിന് നഷ്ടമായിരുന്നു. ചാലക്കുടി വിട്ട് തൃശൂരിലെത്തിയ കെപി ധനപാലനെ എല്‍ഡിഎഫ് സ്ഥാനര്‍ത്ഥി സിഎന്‍ ജയദേവന്‍ തോല്‍പ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. രാജീവിന്റെ പേരാണ് ഇടത് പാളയത്തില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നത്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നാണ് ഇന്നസെന്റിന്റെ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com