നവദമ്പതികളെ അപകീര്‍ത്തിപ്പെടുത്തിയ കേസ്: 11 പേര്‍ അറസ്റ്റില്‍

സംഭവം വിവാദമായതോടെ മലയോരത്തെ ഒട്ടേറെ വാട്‌സാപ്പ് ഗ്രൂപ്പുകളാണ് പിരിച്ചുവിട്ടത്.
നവദമ്പതികളെ അപകീര്‍ത്തിപ്പെടുത്തിയ കേസ്: 11 പേര്‍ അറസ്റ്റില്‍

ശ്രീകണ്ഠപുരം: നവദമ്പതിമാരെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ച കേസില്‍ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരാണ് അറസ്റ്റിലായത്. ആലക്കോട് ജോസ്ഗിരിയിലെ കല്ലുകെട്ടാംകുഴി റോബിന്‍ തോമസ്(29) ഉള്‍പ്പെടെ പതിനൊന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവം വിവാദമായതോടെ മലയോരത്തെ ഒട്ടേറെ വാട്‌സാപ്പ് ഗ്രൂപ്പുകളാണ് പിരിച്ചുവിട്ടത്. ഗള്‍ഫില്‍ നിന്നടക്കം ചിത്രം ഷെയര്‍ ചെയ്ത് പ്രചരിപ്പിച്ചിട്ടുണ്ട്. താനല്ല ചിത്രം ആദ്യം പ്രചരിപ്പിച്ചതെന്നും മറ്റൊരാള്‍ അയച്ച ചിത്രത്തിന് കമന്റിടുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും റോബിന്‍ തോമസ് പൊലീസിന് മൊഴിനല്‍കി. ഇതോടെ ഒന്നാം പ്രതി മറ്റൊരാളാണെന്ന സൂചനയിലാണ് അന്വേഷണം നടക്കുന്നത്. 

ഇനിയും വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരും ഷെയര്‍ ചെയ്തവരും കേസില്‍ പ്രതികളാകുമെന്ന് ശ്രീകണ്ഠപുരം സിഐ വിവി ലതീഷ് അറിയിച്ചു. മാത്രമല്ല, ഗള്‍ഫിലുള്ളവര്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. നിലവില്‍ രണ്ടുപേര്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ശ്രീകണ്ഠപുരം പോലീസ് തീരുമാനിച്ചു. അപവാദം പ്രചരിപ്പിച്ച ഗള്‍ഫിലുള്ളവര്‍ ഫോണ്‍ നമ്പര്‍ ഒഴിവാക്കിയ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസിറക്കി പിടികൂടാന്‍ തീരുമാനിച്ചത്.

വരനും വധുവും തമ്മിലുള്ള പ്രായവ്യത്യാസം സൂചിപ്പിക്കുന്ന കമന്റോടുകൂടിയാണ് വാട്‌സാപ്പ് പ്രചാരണം. പത്രത്തില്‍ നല്‍കിയ വിവാഹപരസ്യത്തിന്റെ ഫോട്ടോയും കുടുംബത്തോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും ചേര്‍ത്ത് സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയെന്നാണ് പരാതി. മലയോരമേഖലയിലെ പല വാട്‌സാപ്പ് ഗ്രൂപ്പുകളും പോലീസ് നിരീക്ഷണത്തിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com