സിബിഎസ്ഇ ബോർഡ് പരീക്ഷകൾക്ക് ഇന്ന് തുടക്കം; പത്താം ക്ലാസ‌് മെയിൻ പേപ്പറുകൾ മാർച്ച‌് മൂന്ന‌് മുതൽ
By സമകാലികമലയാളം ഡെസ്‌ക് | Published: 15th February 2019 06:07 AM |
Last Updated: 15th February 2019 06:07 AM | A+A A- |

തിരുവനന്തപുരം: സിബിഎസ‌്ഇ ബോർഡ് പരീക്ഷകൾക്ക് രാജ്യത്ത‌് വെള്ളിയാഴ‌്ച തുടക്കമാകും. പന്ത്രണ്ടാം ക്ലാസ‌് വൊക്കേഷണൽ വിഷയങ്ങളുടെ പരീക്ഷയോടെയാണ‌് വെള്ളിയാഴ‌്ച സിബിഎസ‌്ഇ ബോർഡ് പരീക്ഷകൾക്ക് തുടക്കമാകുന്നത‌്.
എന്നാൽ കേരള റീജിയണിൽ ഉൾപ്പെടെയുള്ള പന്ത്രണ്ടാം ക്ലാസ‌് മെയിൻ പേപ്പറുകൾ മാർച്ച‌് രണ്ടു മുതൽ ഏപ്രിൽ നാലുവരെയാണ‌്. പത്താം ക്ലാസ‌് വൊക്കേഷണൽ പരീക്ഷകൾ 21ന് ആരംഭിക്കും. പത്താം ക്ലാസ‌് മെയിൻ പേപ്പറുകൾ മാർച്ച‌് മൂന്ന‌് മുതൽ 29 വരെയാണ‌്.
പത്ത‌്, പന്ത്രണ്ട‌് ക്ലാസുകളിലായി ആകെ 31,14,821 വിദ്യാർത്ഥികളാണ‌് പരീക്ഷയ്‌ക്ക് രജിസ‌്റ്റർ ചെയ‌്തിട്ടുള്ളതെന്ന‌് സിബിഎസ‌്ഇ വൃത്തങ്ങൾ അറിയിച്ചു. ഇവരിൽ 18 ലക്ഷം ആൺകുട്ടികളും 12.9 ലക്ഷം പെൺകുട്ടികളും 28 ട്രാൻജന്റേഴ‌്സുമുണ്ട‌്. രാജ്യത്തെ 4,974 സെന്ററുകളും വിദേശത്ത‌് 78 സെന്ററുകളിലുമാണ‌് പരീക്ഷ ആരംഭിക്കുന്നത‌്.
ഇന്ത്യയിൽ 21,400 അഫിലിയേറ്റഡ‌് സ‌്കൂളിലും വിദേശങ്ങളിലെ 225 സ‌്കൂളുകളിലെയും വിദ്യാർത്ഥികളാണ‌് ബോർഡ‌് പരീക്ഷ എഴുതുന്നത‌്. മൂന്ന‌് ലക്ഷം അധ്യാപകരെയും ജീവനക്കാരെയുമാണ‌് പരീക്ഷാ മേൽനോട്ടത്തിനായി നിയോഗിച്ചിട്ടുള്ളത‌്.