തദ്ദേശ ഉപതെരഞ്ഞെടുപ്പ് : യുഡിഎഫിന് മുന്‍തൂക്കം ; കൊച്ചി നഗരസഭയില്‍ കോണ്‍ഗ്രസിന് തിരിച്ചടി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം. എല്‍ഡിഎഫിന്റെ അഞ്ച് സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്തു
തദ്ദേശ ഉപതെരഞ്ഞെടുപ്പ് : യുഡിഎഫിന് മുന്‍തൂക്കം ; കൊച്ചി നഗരസഭയില്‍ കോണ്‍ഗ്രസിന് തിരിച്ചടി

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സൂചനകൾ പ്രകാരം കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം. എല്‍ഡിഎഫിന്റെ അഞ്ച് സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്തു. അതേസമയം കൊച്ചി നഗരസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടു. 

ആലപ്പുഴ കരുവാറ്റ പഞ്ചായത്തിലെ നാരായണ വിലാസം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ സുകുമാരിയമ്മ വിജയിച്ചു. 102 വോട്ടുകള്‍ക്കായിരുന്നു വിജയം. 

ആലപ്പുഴ നഗരസഭയിലെ ജില്ലാക്കോടതി വാര്‍ഡില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടു. വാര്‍ഡില്‍ നിന്നും പാര്‍ട്ടി വിമതന്‍ ബി. മെഹബൂബ് വിജയിച്ചു. തിരുവനന്തപുരം ജില്ലയിലെ കള്ളിക്കോട് പഞ്ചായത്തിലെ ചാമവിളപ്പുറം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. 

എറണാകുളം ജില്ലയിലെ കോട്ടപ്പടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. യുഡിഎഫിലെ ബിന്‍സി എല്‍ദോസ് 14 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഇതോടെ പഞ്ചായത്തിലെ കക്ഷിനില 6-8 ആയി. 

കൊച്ചി നഗരസഭയിലെ വൈറ്റില വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി. എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബൈജു തോട്ടോളിയാണ് വിജയിച്ചത്. 58 വോട്ടിനാണ് ബൈജുവിന്റെ വിജയം. എഐവൈഎഫ് തൃക്കാക്കര മണ്ഡലം പ്രസിഡന്റാണ് ഇദ്ദേഹം. 

കോണ്‍ഗ്രസിന്റെ ഷെല്‍ബി ആന്റണിയെയയാണ് ബൈജു പരാജയപ്പെടുത്തിയത്. കെപിസിസി സെക്രട്ടറിയും കൗണ്‍സിലറുമായിരുന്ന എം പ്രേമചന്ദ്രന്റെ മരണത്തെ തുടര്‍ന്നാണ് വൈറ്റില വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 

ഒറ്റശേഖരമംഗലം പ്ലാപ്പിഴിഞ്ഞി വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. പാലക്കാട് കല്‍പ്പാത്തിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. ഒക്കല്‍ പഞ്ചായത്തിലെ ചേലാമറ്റം വാര്‍ഡും യുഡിഎഫ് വിജയിച്ചു. കായംകുളം നഗരസഭയിലെ 12 ആം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.

കോഴിക്കോട് കോട്ടൂര്‍ പഞ്ചായത്തിലെ നരയംകുളം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. കോഴിക്കോട് ഒഞ്ചിയം പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ആര്‍എംപി സീറ്റ് നിലനിര്‍ത്തി.  ആര്‍എംപി സ്ഥാനാര്‍ത്ഥി ശ്രീജിത്ത് 308 വോട്ടുകള്‍ക്ക് വിജയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com