തരൂരിനെ തോല്‍പ്പിക്കാന്‍ കാനം വേണം; ആവശ്യവുമായി ജില്ലാ നേതൃത്വം 

തരൂരില്‍ നിന്ന് മണ്ഡലം പിടിക്കാന്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്നാണ് ജില്ലാ കമ്മറ്റിയുടെ ആവശ്യം
തരൂരിനെ തോല്‍പ്പിക്കാന്‍ കാനം വേണം; ആവശ്യവുമായി ജില്ലാ നേതൃത്വം 


തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ കാനം രാജേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് സിപിഎം ജില്ലാ കമ്മറ്റിയില്‍ അഭിപ്രായം. ജില്ലാ കമ്മറ്റിയുടെ നിര്‍ദ്ദേശം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കാനം സ്ഥാനാര്‍ത്ഥിയാകുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല, 

എല്‍ഡിഎഫിന്റെ കേരള സംരക്ഷണയാത്രയുടെ തിരക്കിലായ കാനം മത്സരിക്കരുതെന്നാണ് പാര്‍ട്ടിയില്‍ കാനവുമായി അടുപ്പമുള്ളവര്‍ ആവശ്യപ്പെടുന്നത്. വടക്കന്‍ മേഖലാ ജാഥ നയിക്കുന്നത് കാനമാണ്. തെക്കന്‍ മേഖലാ ജാഥ നയിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. മാര്‍ച്ച് രണ്ടിന് തൃശൂരില്‍ ജാഥ സമാപിച്ചശേഷമേ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ എല്‍ഡിഎഫില്‍ ആരംഭിക്കുകയുള്ളു. 

തരൂരില്‍ നിന്ന് മണ്ഡലം പിടിക്കാന്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്നാണ് ജില്ലാ കമ്മറ്റിയുടെ ആവശ്യം. ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ കഴിഞ്ഞ തെരഞ്ഞടുപ്പിലെ ദുഷ്‌പേര് ആവര്‍ത്തിക്കുമെന്നും ജില്ലാ കമ്മറ്റിയില്‍ അഭിപ്രായമുയര്‍ന്നു. മുന്‍ എംപി പന്ന്യന്‍ രവീന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 


തിരുവനന്തപുരത്ത് ഇടതുമുന്നണിയില്‍നിന്ന് വര്‍ഷങ്ങളായി മത്സരിക്കുന്നത് സിപിഐയാണ്. പ്രബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയപ്പോള്‍ മണ്ഡലം തിരിച്ചുപിടിച്ച ചരിത്രവും ഉണ്ട്. 1977ല്‍ സിപിഐയുടെ സമുന്നത നേതാവ് എംഎന്‍ ഗോവിന്ദന്‍നായര്‍ 69,822 വോട്ടുകള്‍ക്കാണ് എതിര്‍സ്ഥാനാര്‍ഥി (ബിഎല്‍ഡി) പി വിശ്വംഭരനെ തോല്‍പ്പിച്ചത്. 1996ല്‍ കെവി സുരേന്ദ്രനാഥ് 20,802 വോട്ടുകള്‍ക്കു കോണ്‍ഗ്രസിലെ എ ചാള്‍സിനെ തോല്‍പ്പിച്ചു. 2004ല്‍ പികെ വാസുദേവന്‍ നായര്‍ 54,603 വോട്ടുകള്‍ക്കു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിഎസ് ശിവകുമാറിനെ തോല്‍പ്പിച്ചു. പികെ വാസുദേവന്‍ നായരുടെ മരണത്തെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ 74,200 വോട്ടുകള്‍ക്കാണ് പന്ന്യന്‍ രവീന്ദ്രന്‍ വിഎസ് ശിവകുമാറിനെ പരാജയപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com