തിരുവനന്തപുരം വിട്ടുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല; ജനതാദൾ എസിനോട് സിപിഐ

ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലം വിട്ടുതരാൻ സാധിക്കില്ലെന്ന് ജനതാദള്‍ എസിനോട് സിപിഐ നേതൃത്വം
തിരുവനന്തപുരം വിട്ടുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല; ജനതാദൾ എസിനോട് സിപിഐ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലം വിട്ടുതരാൻ സാധിക്കില്ലെന്ന് ജനതാദള്‍ എസിനോട് സിപിഐ നേതൃത്വം. കഴിഞ്ഞ ഇടതു മുന്നണി യോഗത്തിനു ശേഷം ഇരു പാര്‍ട്ടികളുടേയും നേതാക്കള്‍ തമ്മില്‍ നടന്ന അനൗദ്യോഗിക ചര്‍ച്ചയിലാണ് സിപിഐ ഇക്കാര്യം വ്യക്തമാക്കിയത്. 

ജനതാദള്‍ എസ് നേതാക്കളായ മന്ത്രി കെ കൃഷ്ണന്‍കുട്ടിയും സികെ നാണുവുമാണ് സിപിഐ നേതൃത്വത്തോട് അനൗപചാരിക സംഭാഷണം നടത്തിയത്. കോട്ടയവും തിരുവനന്തപുരവും വെച്ചുമാറാമെന്നായിരുന്നു ജനതാദൾ എസ് മുന്നോട്ടുവച്ച അഭിപ്രായം. എന്നാല്‍ സിപിഐ നേതാക്കള്‍ ഇത് തള്ളിക്കളയുകയായിരുന്നു. തിരുവനന്തപുരം മറ്റാര്‍ക്കും വിട്ടുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന സന്ദേശവും അവര്‍ നല്‍കി. നാടാര്‍ വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ട് മുന്‍മന്ത്രി നീല ലോഹിതദാസന്‍ നാടാരെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ജനതാദള്‍ എസിന്റെ നീക്കം. 

സിപിഎമ്മുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ ആവശ്യം ഉന്നയിക്കും മുന്‍പ് സിപിഐ നിലപാടറിയാനുള്ള ശ്രമമായിരുന്നു ജനതാദള്‍ എസ് നേതാക്കൾ നടത്തിയത്. സീറ്റു ലഭിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലമെന്ന ആവശ്യത്തില്‍ നിന്ന് ജനതാദള്‍ എസ് പിന്നോട്ടുപോയേക്കും.  

കോടിയേരി നയിക്കുന്ന കേരള സംരക്ഷണ യാത്ര തിരുവനന്തപുരത്തെ പര്യടനം പൂര്‍ത്തിയാക്കിയാല്‍ സ്ഥാനാര്‍ഥി പാനല്‍ തയാറാക്കാന്‍ സിപിഐ ജില്ലാ കൗണ്‍സില്‍ യോഗം ചേരും. ഈ യോ​ഗത്തിൽ മണ്ഡലത്തിലെ വിജയ സാധ്യതയുള്ള മൂന്ന് പേരുകൾ നിർദേശിച്ച് സംസ്ഥാന നേതൃത്വത്തിനു കൈമാറും. പന്ന്യന്‍ രവീന്ദ്രന്‍, കാനം രാജേന്ദ്രന്‍ എന്നിവരുടെ പേരുകള്‍ ആദ്യ ഘട്ടത്തില്‍ ഉയര്‍ന്നിരുന്നെങ്കിലും, മത്സര രംഗത്തേക്കില്ലെന്ന നിലപാടിലാണ് ഇരുവരും. ആനിരാജ, ബിനോയ് വിശ്വം, സി ദിവാകരന്‍ എന്നിവരുടെ പേരുകളും സജീവമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com