രോഗിയുടെ കാലില്‍ നഴ്‌സ് ട്രേ മറന്നുവെച്ചു; നഴ്‌സിനെ കിടത്തി മറുമരുന്നു കൊടുത്ത് ഡോക്ടര്‍; പ്രതിഷേധവുമായി നഴ്‌സിങ് സംഘടന

ഡോക്ടറുടെ നടപടിയില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളേജിലെ നഴ്‌സുമാര്‍ ഇന്ന് പണിമുടക്കും
രോഗിയുടെ കാലില്‍ നഴ്‌സ് ട്രേ മറന്നുവെച്ചു; നഴ്‌സിനെ കിടത്തി മറുമരുന്നു കൊടുത്ത് ഡോക്ടര്‍; പ്രതിഷേധവുമായി നഴ്‌സിങ് സംഘടന

കോട്ടയം; രോഗിയുടെ കാലില്‍ ട്രേ മറന്നുവെച്ച നഴ്‌സിന് അതേ ശിക്ഷ കൊടുത്ത ഡോക്ടറുടെ നടപടി വിവാദത്തില്‍. കോട്ടയം മെഡിക്കല്‍ കോളേജിലാണ് വിവാദ സംഭവമുണ്ടായത്. ശസ്ത്രക്രിയ വകുപ്പ് മേധാവി ഡോ. ജോണ്‍ എസ് കുര്യനാണ് രോഗിയുടെ കാലില്‍ ട്രേ വെച്ച നഴ്‌സിനെ കട്ടിലില്‍ കിടത്തി അതേ ട്രേ നഴ്‌സിന്റെ കാലില്‍ വെച്ചത്. സംഭവത്തില്‍ നഴ്‌സ് പരാതി നല്‍കിയതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചു. ഡോക്ടറുടെ നടപടിയില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളേജിലെ നഴ്‌സുമാര്‍ ഇന്ന് പണിമുടക്കും. 

ശസ്ത്രക്രിയ തീവ്രപരിചരണ വിഭാഗത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. തീവ്രപരിശോധന വിഭാഗത്തില്‍ രോഗികളെ പരിശോധിക്കാന്‍ എത്തിയ ഡേ ജോണ്‍ ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുന്ന രോഗിയുടെ കിടക്കയില്‍ നഴ്‌സുമാര്‍ ഉപയോഗിക്കുന്ന ട്രേ മറന്നു വെച്ചിരിക്കുന്നത് കണ്ടു. മരുന്നുകള്‍, രക്തത്തിലെ പഞ്ചസാര അളക്കുന്ന ഉപകരണം എന്നിവയാണ് ട്രേയിലുണ്ടായിരുന്നത്. തുടര്‍ന്ന് ട്രേ മറന്നുവെച്ച നഴ്‌സിനെ വിളിച്ച് ഡോക്ടര്‍ ചീത്തപറഞ്ഞു. അതിന് ശേഷമാണ് ഒഴിഞ്ഞ് കിടന്നിരുന്ന കട്ടിലില്‍ നഴ്‌സിനെ കിടത്തി ട്രേ കാലില്‍ കയറ്റിവെച്ചത്. പഠനം കഴിഞ്ഞ് പരിശീലനത്തിനായി മെഡിക്കല്‍ കോളേജില്‍ എത്തിയതായിരുന്നു നഴ്‌സ്. 

അത്യാസന്ന നലയില്‍ കിടക്കുന്ന ഒരു രോഗിയെ പരിചരിക്കാനായി പെട്ടെന്ന് പോകേണ്ടിവന്നതുകൊണ്ടാണ് ട്രേ മറന്നത് എന്നാണ് നഴ്‌സ് പറയുന്നത്. ഭാരം കുറഞ്ഞ സാധനങ്ങളാണ് ട്രേയില്‍ ഉണ്ടായിരുന്നത്. ക്ഷമ ചോദിച്ചിട്ടും കരഞ്ഞു പറഞ്ഞിട്ടും ഡോക്റ്റര്‍ വഴങ്ങിയില്ലെന്നും റൗണ്ട്‌സ് കഴിയുന്നതുവരെ കട്ടിലില്‍ കിടത്തിയെന്നും നഴ്‌സ് പറഞ്ഞു. 

എന്നാല്‍ നഴ്‌സ് ഗുരുതരമായ തെറ്റാണെന്നും അതുകൊണ്ടാണ് അത്തരത്തില്‍ ശിക്ഷ നല്‍കിയതെന്നും ഡോ ജോണ്‍ വ്യക്തമാക്കി. പാന്‍ക്രിയാസ് പകുതി മുറിഞ്ഞ് അനങ്ങാന്‍ പോലും കഴിയാതെ കിടക്കുന്ന രോഗിയുടെ മേലെയാണ് ട്രേ കയറ്റിവെച്ചത്.ആ രോഗിയുടെ ശരീരത്തിലാണ് അരകിലോ ഭാഗമുള്ള രണ്ട് ട്രേ കയറ്റിവെച്ചത്. അതില്‍ ഒന്ന് കാലിലും മറ്റൊന്ന് തുടയിലുമായിരുന്നു. രോഗി നേരിട്ട ബുദ്ധിമുട്ട് മനസിലാക്കാനാണ് നഴ്‌സിനെകൊണ്ടും അങ്ങനെ മൂന്ന് മിനിറ്റു നേരം ശിക്ഷിച്ചത്. ചെയ്തത് തെറ്റാണെങ്കില്‍ നഴ്‌സിനോട് ക്ഷമ ചോദിക്കാന്‍ തയാറാണെന്നും ഡോക്ടര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com