ശബരിമല: പ്രിയനന്ദനനെതിരെ ക്രിമിനല്‍ കേസ് എടുത്തതായി സര്‍ക്കാര്‍

പ്രിയനന്ദനന് എതിരെ കേസെടുക്കണമെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് ആലപ്പുഴ വടുതല സ്വദേശി കെഎ അഭിജിത്ത് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.
ശബരിമല: പ്രിയനന്ദനനെതിരെ ക്രിമിനല്‍ കേസ് എടുത്തതായി സര്‍ക്കാര്‍

കൊച്ചി: ശബരിമല വിഷയത്തില്‍ ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റിന്റെ പേരില്‍ സംവിധായകന്‍ പ്രിയനന്ദനന് എതിരെ ക്രിമിനല്‍ കേസ് എടുത്തതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന വിധം ഇരു വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ പടര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനത്തിന് ഐപിസി 153ാം വകുപ്പ് പ്രാകരം തൃശൂര്‍ ചേര്‍പ്പ് പൊലീസാണ് കേസെടുത്തത്.

പ്രിയനന്ദനന് എതിരെ കേസെടുക്കണമെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് ആലപ്പുഴ വടുതല സ്വദേശി കെഎ അഭിജിത്ത് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. പ്രിയനന്ദനന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വരികള്‍ അയ്യപ്പനെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ആദ്യം പരാതി നല്‍കിയിരുന്നു. പൂച്ചാക്കല്‍ പൊലീസിനും പിന്നീട് ആലപ്പുഴ എസ്പിക്കും നല്‍കിയ പരാതികളില്‍ നടപടിയില്ലെന്ന് ആരോപിച്ച് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.

ശബരിമല വിഷയത്തില്‍ പ്രിയനന്ദനന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് വിവാദമായിരുന്നു. മോശം ഭാഷ ഉപയോഗിച്ചെന്ന ആരോപണങ്ങളും ശക്തമായിരുന്നു. തുടര്‍ന്ന് താനുപയോഗിച്ച ഭാഷ കടുത്തുപോയെന്നും പോസ്റ്റ് പിന്‍വലിക്കുകയാണെന്നും പ്രിയനന്ദനന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അധിക്ഷേപങ്ങളും ആക്രമണഭീഷണികളും തുടര്‍ന്നു. പ്രിയനന്ദനന്റെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് ചെയ്യുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com