കെവിന്‍ വധക്കേസ്: ഗാന്ധിനഗര്‍ മുന്‍ എസ്‌ഐയെ ഡിസ്മിസ് ചെയ്യും, എഎസ്‌ഐയെ പിരിച്ചുവിട്ടു

കെവിന്‍ വധക്കേസ് അന്വേഷണത്തില്‍ കൃത്യവിലോപം കാണിച്ച പൊലീസുകാര്‍ക്കെതിരെയുളള നടപടികള്‍ ആരംഭിച്ചു
കെവിന്‍ വധക്കേസ്: ഗാന്ധിനഗര്‍ മുന്‍ എസ്‌ഐയെ ഡിസ്മിസ് ചെയ്യും, എഎസ്‌ഐയെ പിരിച്ചുവിട്ടു

കോട്ടയം: കെവിന്‍ വധക്കേസ് അന്വേഷണത്തില്‍ കൃത്യവിലോപം കാണിച്ച പൊലീസുകാര്‍ക്കെതിരെയുളള നടപടികള്‍ ആരംഭിച്ചു. ഗാന്ധിനഗര്‍ മുന്‍ എസ്‌ഐ എം എസ് ഷിബുവിനെ പിരിച്ചുവിടും. ഐജി വിജയ് സാഖറെയാണ് നടപടികള്‍ ആരംഭിച്ചത്.

സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് 15 ദിവസത്തിനകം മറുപടി നല്‍കാന്‍ എം എസ് ഷിബുവിനോട് വിജയ് സാഖറെ ആവശ്യപ്പെട്ടു. അതേസമയം 
എഎസ്‌ഐ ടി എം ബിജുവിനെ സര്‍വീസില്‍ നിന്ന്് പിരിച്ചുവിട്ടു. കെവിന്‍ വധക്കേസ് പ്രതിയില്‍ നിന്ന് കോഴ വാങ്ങിയതിനാണ് ബിജുവിനെതിരെ നടപടി സ്വീകരിച്ചത്. സിപിഒ എം എന്‍ അജയ്കുമാറിന്റെ  ഇന്‍ക്രിമെന്റ് മൂന്നുവര്‍ഷം പിടിച്ചുവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. 

അതേസമയം കെവിന്‍ വധക്കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തേണ്ട കുറ്റങ്ങള്‍ സംബന്ധിച്ച പ്രാഥമിക വാദം കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു. കെവിന്റേത് കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന നിലപാടിലാണ് പ്രോസിക്യൂഷന്‍.  കെവിന്‍ കൊല്ലപ്പെടുമെന്ന് കേസിലെ 14 പ്രതികള്‍ക്കും അറിയാമായിരുന്നുവെന്നും വലിയ ഗൂഡാലോചന നടന്നിട്ടിണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ വാദം. 

കെവിന്‍ നീനുവിനെ വിവാഹം കഴിച്ചതിനാല്‍ ജാതിവ്യത്യാസം സംബന്ധിച്ച ദുരഭിമാനവും വൈരാഗ്യവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ വാദം. നീനുവിന്റെ സഹോദരന്‍ സാനു പിതാവ് ചാക്കോ ഉള്‍പ്പെടെ 14 പ്രതികളാണ് കേസിലുള്ളത്. എല്ലാ പ്രതികള്‍ക്കെതിരെയും പത്ത് വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്. വധശിക്ഷ ലഭിക്കാവുന്ന നരഹത്യ, തട്ടിയെടുത്ത് വിലപേശല്‍,  ഗൂഡാലോചന, ഭവനഭേദനം, തെളിവു നശിപ്പിക്കല്‍ എന്നിവയാണ് പ്രധാന കുറ്റങ്ങള്‍. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്താനുള്ള കാരണങ്ങളും തെളിവുകളും അക്കമിട്ട് നിരത്തിയായിരുന്നു പ്രോസിക്യൂഷന്‍ വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com