നഴ്സിന്റെ കാലിൽ ട്രേ വച്ചു ശിക്ഷിച്ച ഡോക്ടറെ സ്ഥലം മാറ്റി; നഴ്സിനെതിരെ പരാതിയുമായി രോ​ഗിയുടെ ബന്ധുക്കൾ

രോഗിയുടെ കട്ടിലിൽ ട്രേ മറന്നു വച്ചതിന് നഴ്സിന്റെ കാലിൽ ട്രേ വച്ചു ശിക്ഷിച്ച ഡോക്ടറെ സ്ഥലം മാറ്റി
നഴ്സിന്റെ കാലിൽ ട്രേ വച്ചു ശിക്ഷിച്ച ഡോക്ടറെ സ്ഥലം മാറ്റി; നഴ്സിനെതിരെ പരാതിയുമായി രോ​ഗിയുടെ ബന്ധുക്കൾ

കോട്ടയം: രോഗിയുടെ കട്ടിലിൽ ട്രേ മറന്നു വച്ചതിന് നഴ്സിന്റെ കാലിൽ ട്രേ വച്ചു ശിക്ഷിച്ച ഡോക്ടറെ സ്ഥലം മാറ്റി. കോട്ടയം മെഡിക്കൽ കോളജ് ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. ജോൺ എസ് കുര്യനെയാണ്  സ്ഥലം മാറ്റിയത്. ഡോക്ടർക്കു പകരം നിയമനം നൽകിയിട്ടില്ല. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു സ്ഥലം മാറ്റം. ഡോക്ടറുടെ ഭാഗത്തു വീഴ്ച സംഭവിച്ചതായി ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും സർക്കാരിനെ അറിയിച്ചു.

കോഴ്സ് കഴിഞ്ഞു പരിശീലനത്തിന് എത്തിയ നഴ്സിനെയാണു ഡോക്ടർ ശിക്ഷിച്ചത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തെ തുടർന്ന് ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ടു നഴ്സുമാരും ജീവനക്കാരും പണി മുടക്കിയിരുന്നു. നഴ്സുമാരുടെയും ജീവനക്കാരുടെയും എല്ലാ സംഘടനകളും ഇന്നലെ രാവിലെ എട്ട് മുതൽ ജോലിയിൽ നിന്ന് വിട്ട് നിന്നാണ് പ്രതിഷേധിച്ചത്. നൈറ്റ് ഡ്യൂട്ടി ചെയ്തവർ ഈ സമയം അധിക ഡ്യൂട്ടി ചെയ്തതു മൂലം പ്രവർത്തനത്തെ ബാധിച്ചില്ലെന്നു സംഘടനാ നേതാക്കൾ അറിയിച്ചു.

ശസ്ത്രക്രിയ തീവ്ര പരിചരണ വിഭാഗത്തിലെ രോഗിയുടെ കട്ടിലിലാണ് നഴ്സ് മരുന്നും ഉപകരണങ്ങളും ഉള്ള സ്റ്റീൽ ട്രേ മറന്നു വച്ചത്. ഇതു കണ്ടെത്തിയ ഡോ. ജോൺ എസ് കുര്യൻ ഒഴിഞ്ഞ കട്ടിലിൽ നഴ്സിനെ കിടത്തി ട്രേ കാലിൽ വച്ചു ശിക്ഷിക്കുകയായിരുന്നു.

സംഭവത്തിൽ മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. എ ശോഭയുടെ നേതൃത്വത്തിലുളള ഡോക്ടർമാരുടെ സംഘം അന്വേഷണം ആരംഭിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭിക്കുമെന്നു അധികൃതർ വ്യക്തമാക്കി.

കർശന നടപടി എടുക്കുമെന്നു മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. റംലാ ബീവി ഉറപ്പു നൽകിയതിനെ തുടർന്നാണു സമരം അവസാനിപ്പിച്ചത്. സംഭവത്തിൽ രോഗിയുടെ ബന്ധുക്കൾ നഴ്സിനെതിരെ ആശുപത്രി സൂപ്രണ്ട് ഡോ. ടികെ ജയകുമാറിന് പരാതി നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com