മലയാളി വനിതാ മാനേജരെ കൊന്നത് തലക്കടിച്ചും ശ്വാസംമുട്ടിച്ചും: ഹോട്ടല്‍ തൊഴിലാളി അറസ്റ്റില്‍

മുംബൈയില്‍ സ്ഥിരതാമസമാക്കിയ തൃശ്ശൂര്‍ കടപ്പുറം സ്വദേശിനി രജിതയെ  ഫെബ്രുവരി ഒന്‍പതിന് വൈറ്റ് ഫീല്‍ഡിലെ ക്രസ്റ്റ് ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
മലയാളി വനിതാ മാനേജരെ കൊന്നത് തലക്കടിച്ചും ശ്വാസംമുട്ടിച്ചും: ഹോട്ടല്‍ തൊഴിലാളി അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ മലയാളി വനിതാ എച്ച്ആര്‍ മാനേജരെ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമാണെന്ന് സ്ഥിരീകരണം. ആത്മഹത്യയെന്നായിരുന്നു ആദ്യനിഗമനം. ഹോട്ടല്‍ത്തൊഴിലാളിയെ ചോദ്യംചെയ്തതില്‍നിന്നാണ് കൊലപാതകമാണെന്ന് വ്യക്തമായത്. ഹോട്ടലിലെ അലക്കുതൊഴിലാളിയായ മണിപ്പൂര്‍ സ്വദേശിയായ ലെയ്ഷ്‌റാം ഹെംബ സിങ് (21) ആണ് അറസ്റ്റിലായത്. 

മുംബൈയില്‍ സ്ഥിരതാമസമാക്കിയ തൃശ്ശൂര്‍ കടപ്പുറം സ്വദേശിനി രജിതയെ (33) ഫെബ്രുവരി ഒന്‍പതിന് വൈറ്റ് ഫീല്‍ഡിലെ ക്രസ്റ്റ് ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടത്തിയത്. ബെംഗളൂരുവിലെ വൈദേഹി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന മൃതദേഹപരിശോധനയില്‍ യുവതിയെ കൊന്നതാണെന്ന് വ്യക്തമായി. ഇരുമ്പുവടികൊണ്ട് രജിതയുടെ തലയില്‍ അടിച്ചുവീഴ്ത്തിയ ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പ്രതിയെ ചോദ്യംചെയ്തുവരികയാണ്. 

ഫെബ്രുവരി എട്ടുമുതല്‍ രജിത താമസിച്ചിരുന്ന 701ാം നമ്പര്‍ മുറിയുടെ വാതിലില്‍ 'ശല്യപ്പെടുത്തരുത്' എന്ന ബോര്‍ഡ് തൂക്കിയിരുന്നതായി ഹോട്ടല്‍ ജീവനക്കാര്‍ മൊഴിനല്‍കി. മുറി പൂട്ടിയനിലയിലായിരുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് പ്രതി രജിതയുടെ മുറിക്കുള്ളില്‍ കടക്കുകയായിരുന്നു. കൃത്യം നടത്തിയതിന് ശേഷം പുറത്തുനിന്നു പൂട്ടുകയും ചെയ്തു. മുറിയില്‍നിന്ന് നഷ്ടപ്പെട്ട വസ്തുക്കളെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. 3500 രൂപയും രജിതയുടെ രണ്ടു മൊബൈല്‍ഫോണും നഷ്ടപ്പെട്ടതായി പൊലീസ് പറഞ്ഞു.

മാതാപിതാക്കള്‍ക്കൊപ്പം മുംബൈയിലായിരുന്നു രജിത താമസിച്ചിരുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് ഇവര്‍ ജോലിചെയ്തിരുന്നത്. മാസത്തില്‍ 15 ദിവസം ഇവര്‍ കമ്പനിയുടെ ബെംഗളൂരു ശാഖയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ സമയത്ത് സ്ഥിരമായി ക്രസ്റ്റ് ഹോട്ടലിലായിരുന്നു മുറിയെടുത്ത് താമസിച്ചിരുന്നത്. ഫെബ്രുവരി ഒന്‍പതിന് ഹോട്ടല്‍ ജീവനക്കാര്‍ വൃത്തിയാക്കാന്‍ മുറിതുറന്നപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. രജിതയുടെ ഭര്‍ത്താവ് ബ്രിട്ടനില്‍ പൈലറ്റാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com