മുന്തിരി വാറ്റി ബ്രാണ്ടി നിര്‍മ്മിക്കണമെന്ന് കേന്ദ്രം; പറ്റില്ലെന്ന് ബവ്‌റിജസ് കോര്‍പറേഷന്‍

മുന്തിരി വാറ്റി ബ്രാണ്ടി നിര്‍മിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം കേരളത്തില്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ബവ്‌റിജസ് കോര്‍പറേഷന്‍.
മുന്തിരി വാറ്റി ബ്രാണ്ടി നിര്‍മ്മിക്കണമെന്ന് കേന്ദ്രം; പറ്റില്ലെന്ന് ബവ്‌റിജസ് കോര്‍പറേഷന്‍


കൊച്ചി: മുന്തിരി വാറ്റി ബ്രാണ്ടി നിര്‍മിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം കേരളത്തില്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ബവ്‌റിജസ് കോര്‍പറേഷന്‍. നിര്‍ദേശം തിരുത്താന്‍ കേന്ദ്ര ഭക്ഷ്യ സുരക്ഷാ വിഭാഗത്തെ സമീപിക്കണമെന്നാവശ്യപ്പെട്ട് ബവ്‌റിജസ് കോര്‍പറേഷന്‍ എക്‌സൈസ് കമ്മിഷണറെ സമീപിച്ചു. രണ്ട് ശതമാനം മുന്തിരി ഉപയോഗിച്ച് നിര്‍മിക്കുന്ന മദ്യം മാത്രമേ ബ്രാണ്ടി എന്ന പേരില്‍ വില്‍ക്കാന്‍ പാടുള്ളു എന്നാണ് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ  നിര്‍ദേശം. നിലവില്‍ കേരളത്തില്‍ എക്‌സ്ട്ര ന്യൂട്രല്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ചാണ് ബ്രാണ്ടി നിര്‍മിക്കുന്നത്.

കേരളത്തില്‍ വര്‍ഷം വില്‍ക്കുന്ന 140 ലക്ഷം കെയ്‌സ് മദ്യത്തില്‍ 70 ശതമാനം എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഫ്‌ലേവേഡ് ബ്രാണ്ടിയാണ്. ഇതിന് പകരം മുന്തിരി സ്പിരിറ്റ് ഉപയോഗിക്കണമെങ്കില്‍ വര്‍ഷം 20000 ടണ്‍ മുന്തിരി വേണ്ടി വരും. തമിഴ്‌നാട്ടിലും ആന്ധ്രയിലും ഇതേ നിര്‍ദേശമുള്ളതിനാല്‍ മുന്തിരി കിട്ടാനുള്ള സാധ്യതയില്ല.

മുന്തിരി സ്പിരിറ്റ് നിര്‍മിക്കാനുള്ള അടിസ്ഥാന സൗകര്യം ഡിസ്റ്റിലറികള്‍ക്കില്ല. മുന്തിരിയുടെ അളവ് കണ്ടെത്താനുള്ള പരിശോധന നടത്താന്‍ ബവ്‌റിജസ് കോര്‍പറേഷന് സൗകര്യങ്ങളില്ലെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.തമിഴ്‌നാടും ആന്ധ്രയും കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്.  ഏപ്രില്‍ ഒന്നു മുതല്‍ നിബന്ധന പ്രാബല്യത്തില്‍ വരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com