യുവതിയെ പുഴയിൽ തള്ളിയത് കാറിൽ കൊണ്ടുവന്ന് ?; അന്വേഷണം നാലു കാറുകളെ ചുറ്റിപ്പറ്റി ; സിസിടിവി ദൃശ്യങ്ങൾ നിർണായകമായി

കാറിലാണ് യുവതിയെ കൊണ്ടുവന്ന് പുഴയിൽ തള്ളിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം
യുവതിയെ പുഴയിൽ തള്ളിയത് കാറിൽ കൊണ്ടുവന്ന് ?; അന്വേഷണം നാലു കാറുകളെ ചുറ്റിപ്പറ്റി ; സിസിടിവി ദൃശ്യങ്ങൾ നിർണായകമായി

ആലുവ: പെരിയാറിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നാലു കാറുകളെ ചുറ്റിപ്പറ്റി.  കാറിലാണ് യുവതിയെ കൊണ്ടുവന്ന് പുഴയിൽ തള്ളിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ദേശീയപാത 47-ലെ മംഗലപ്പുഴ പാലത്തിനു മുകളിൽനിന്ന് മൃതദേഹം പെരിയാറിലേക്ക്‌ തള്ളിയതാകാൻ സാധ്യതയുള്ളതിനാലാണ് കാറുകൾ പരിശോധിക്കുന്നത്. സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ സമാഹരിച്ചാണ് പൊലീസ് കാറുകൾ കണ്ടെത്തിയത്.

മംഗലപ്പുഴ പാലത്തിന് ഇരുവശത്തേയും ദേശീയപാതയോരത്തുള്ള സ്വകാര്യ സ്ഥാപനങ്ങളിലെയും ക്യാമറ ദൃശ്യങ്ങൾ മുഴുവനും പൊലീസ് ശേഖരിച്ചു കഴിഞ്ഞു. ഇവയിൽ നിന്ന് നൂറുകണക്കിന് കാറുകളാണ് പോലീസ് പരിശോധിച്ചത്. തുടർന്നാണ് സംശയാസ്പദമായ സാഹചര്യത്തിലുള്ള നാല് കാറുകൾ പോലീസ് കണ്ടെത്തിയത്. മരിച്ചയാളെ കുറിച്ചുള്ള വിവരങ്ങളും  പൊലീസ്  അന്വേഷിക്കുന്നുണ്ട്.

മുഖത്തും കീഴ്‌ചുണ്ടിനു താഴേയും മറുകുള്ള സ്ത്രീകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി കാണാതായ സ്ത്രീകളുടെ വിവരങ്ങൾ ഇതിനായി ശേഖരിച്ചുകഴിഞ്ഞതായി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.

യുവതിയെ പുഴയിൽ കൊണ്ടുവന്ന് ഇട്ടതെന്ന് സംശയിക്കുന്ന ദിവസങ്ങളിൽ ആലുവയിൽ സജീവമായിരുന്ന മൊബൈൽ നമ്പറുകളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.  യുവതിയുടെ ശരീരത്തിൽ പൊതിഞ്ഞ പുതപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കളമശ്ശേരിയിൽ രാത്രി വൈകി അടയ്ക്കുന്ന തുണിക്കടയിലും പൊലീസ് എത്തിയിരുന്നു.

കളമശ്ശേരിയിലെ കടയിൽനിന്ന് ഏഴാം തീയതി രാത്രിയിൽ തടിച്ച സ്ത്രീയും പുരുഷനുമാണ് പുതപ്പ് വാങ്ങിയത്. ഇവർ സഞ്ചരിച്ച കാറിന്റെ സി.സി. ടി.വി. ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് പെരിയാറിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com