70 വയസുള്ള കാൻസർ രോ​ഗിയുടെ തുന്നിക്കെട്ടിയ മുറിവിൽ ജീവനുള്ള ഉറുമ്പുകൾ!

മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിയുന്ന കാൻസർ രോഗിയുടെ വയറ്റിൽ തുന്നലുള്ള ഭാഗത്ത് ജീവനുളള ഉറുമ്പുകളെ കണ്ടെത്തിയതായി പരാതി
70 വയസുള്ള കാൻസർ രോ​ഗിയുടെ തുന്നിക്കെട്ടിയ മുറിവിൽ ജീവനുള്ള ഉറുമ്പുകൾ!

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിയുന്ന കാൻസർ രോഗിയുടെ വയറ്റിൽ തുന്നലുള്ള ഭാഗത്ത് ജീവനുളള ഉറുമ്പുകളെ കണ്ടെത്തിയതായി പരാതി. ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. ജോൺ എസ് കുര്യന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. തുന്നിക്കെട്ടിയ മുറിവിൽ ഉറുമ്പുകൾ നടക്കുന്നതിന്റെ ചിത്രങ്ങൾ വകുപ്പ് സെക്രട്ടറിക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും ആശുപത്രി അധികൃതർക്കും ഡോ. ജോൺ നൽകി. 

രോഗിയുടെ കട്ടിലിൽ ട്രേ മറന്നു വച്ചതിന്, നഴ്സിന്റെ ദേഹത്തു ട്രേ വച്ചു ശിക്ഷിച്ച സംഭവത്തിൽ സ്ഥലം മാറ്റത്തിന് വിധേയനായ ഡോക്ടറാണ് ഡോ.ജോൺ എസ് കുര്യൻ. നഴ്സിനെ ശിക്ഷിച്ച നടപടിയിൽ നഴ്സുമാരും ജീവനക്കാരും സമരം ആരംഭിച്ചതോടെ ഡോ. ജോൺ എസ് കുര്യനെ സ്ഥലം മാറ്റിയതായി ആരോഗ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. എന്നാൽ ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് ഇന്നലെയും അദ്ദേഹം ജോലിക്ക് എത്തുകയായിരുന്നു.

70 വയസുള്ള കാൻസർ രോഗിയുടെ വയറ്റിൽ തുന്നലിട്ട ഭാഗത്ത് ഉറുമ്പുകളെ കണ്ടെത്തിയെന്നാണ് ആരോപണം. ഒന്നര ആഴ്ച മുൻപായിരുന്നു ശസ്ത്രക്രിയ. വാർഡിലേക്ക് മാറ്റിയെങ്കിലും ന്യുമോണിയ ബാധിച്ചതോടെ തീവ്ര പരിചരണ വിഭാഗം വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. രോഗിയുടെ ശരീരത്തിൽ ഉറുമ്പുകളെ കണ്ട സംഭവത്തിൽ ദുരൂഹത ആരോപിച്ച് നഴ്സുമാരുടെ സംഘടനകളും ആരോഗ്യ വകുപ്പിനു പരാതി നൽകി.

ഡോ.ജോണിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കമ്മ‌ീഷൻ നടത്തിയ അന്വേഷണത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ പൊതു ശുചീകരണത്തിന്റെ കുറവുണ്ടെന്നും എന്നാൽ മുറിവിൽ ജീവനുള്ള ഉറുമ്പുകളെ കണ്ടെത്തിയില്ലെന്നും അനസ്തേഷ്യ വിഭാഗം മേധാവി ഡോ. യു മുരളീകൃഷ്ണൻ, ഇഎൻടി വിഭാഗം മേധാവി ഡോ. ഷിബു ജോർജ്, മൈക്രോബയോളജി വിഭാഗത്തിലെ ഡോ. മായ കുര്യൻ എന്നിവർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com