നിനക്ക് നിന്റെ പാര്‍ട്ടി, എനിക്ക് എന്റെതും; കമ്യൂണിസ്റ്റായ അച്ഛന്‍ കൃപേഷിനോട് പറഞ്ഞത്; ഹൃദയഭേദകം

സിപിഎം അനുകൂലിയായ വത്സന്‍ എന്നയാള്‍, നിന്നെ ഞാന്‍ പിന്നെ കണ്ടോളാം എന്ന് പറഞ്ഞു. അവനത് എന്നോടും പറഞ്ഞിരുന്നു.'' അവര്‍ കൊല്ലുമെന്ന് പറഞ്ഞാല്‍ ചെയ്യുമെന്ന് അറിയാമായിരുന്നു
നിനക്ക് നിന്റെ പാര്‍ട്ടി, എനിക്ക് എന്റെതും; കമ്യൂണിസ്റ്റായ അച്ഛന്‍ കൃപേഷിനോട് പറഞ്ഞത്; ഹൃദയഭേദകം

കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലച്ചെയ്യപ്പെട്ട സംഭവത്തില്‍ ഹൃദയം നുറുങ്ങുന്ന പ്രതികരണവുമായി കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍. പെയിന്റ് പണിയെടുത്ത് ജീവിക്കുന്ന കൃഷ്ണന്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. സിപിഎമ്മിനു വേണ്ടി ചെറുപ്പത്തില്‍ നിരവധി മുദ്രവാക്യങ്ങള്‍  വിളിച്ചിട്ടുണ്ട്. 250 രൂപ വണ്ടിക്കൂലി ചെലവാക്കി ഇവിടന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് എല്ലാ തെരഞ്ഞെടുപ്പിനും വോട്ട് ചെയ്യാന്‍ പോകും.അതായിരുന്നു തന്റെ രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് കൃഷ്ണന്‍ പറയുന്നു

നാല് കമ്പില്‍ ചാരി വച്ച, ഓല കൊണ്ട് ചുമരടക്കം മേഞ്ഞ ചെറിയ പുരയല്ലാത്ത സ്വന്തമായി ഒന്നുമില്ല. പെരിയയും കല്യോട്ടും സിപിഎമ്മിന് സ്വാധീനമുള്ള പ്രദേശങ്ങളാണ്. ഇവിടെ നിന്നും കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്റെ പേരില്‍ കൃപേഷ് ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നു. കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്റെ പേരില്‍ എല്ലാവരും എന്നെ ഒറ്റപ്പെടുത്തുകയാണ് അച്ഛാ എന്ന് അവന്‍ എന്നോടു പറഞ്ഞു. ഒരു പാര്‍ട്ടിയോട് അനുഭാവമുണ്ടെന്ന കാര്യം തുറന്നു പറയാന്‍ ആരെയും പേടിക്കേണ്ടെന്ന് അവനോട് ഞാന്‍ പറഞ്ഞു.  'നിനക്ക് നിന്റെ പാര്‍ട്ടി, എനിക്ക് എന്റേതും. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. പക്ഷെ, തല്ലിനും വഴക്കിനും പോകരുത്. പ്രശ്‌നമുണ്ടാക്കാന്‍ പോകരുത്' അവനോട് ഞാന്‍ പറഞ്ഞിരുന്നു. 

പോളിടെക്‌നിക്കില്‍ വച്ച് എസ്എഫ്‌ഐക്കാര്‍ അവനെ തല്ലി, പ്രശ്‌നമുണ്ടാക്കില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം നീ കോളേജില്‍ പോയാല്‍ മതിയെന്നായിരുന്നു എന്റെ മറുപടി. പേടിച്ചിട്ട് അവന്‍ പിന്നെ പോയില്ല.അടുത്തിടെ സിപിഎമ്മുകാര്‍ ഇവിടെ ഒരു ക്ലബ്ബ് കത്തിച്ചു. അതറിഞ്ഞ് അവന്‍ വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഇതിന്റെ പേരില്‍ ഇവിടെ നിന്നുമിറങ്ങിയാല്‍ ഇനിയിങ്ങോട്ട് തിരിച്ച് വരേണ്ടെന്ന് പറഞ്ഞു. അതുകൊണ്ട് അവന്‍ പോയില്ല. ക്ലബ്ബ് കത്തിച്ചതിന്റെ പേരില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തപ്പോള്‍ കടയടപ്പിക്കാന്‍ അവനും പോയിരുന്നു.
അന്ന് സിപിഎം അനുകൂലിയായ വത്സന്‍ എന്നയാള്‍, നിന്നെ ഞാന്‍ പിന്നെ കണ്ടോളാം എന്ന് പറഞ്ഞു. അവനത് എന്നോടും പറഞ്ഞിരുന്നു.'' അവര്‍ കൊല്ലുമെന്ന് പറഞ്ഞാല്‍ ചെയ്യുമെന്ന് അറിയാമായിരുന്നു. ഗൂഢാലോചന നടത്തിയാണ് കൊന്നത്- കൃഷ്ണന്‍ പറയുന്നു. കയ്യും കാലും കൊത്തീട്ടെങ്കിലും എനിക്ക് തന്നാ ഞാന്‍ നോക്കുമായിരുന്നല്ലോ എന്ന് ഒരാള്‍ക്ക് പോലും നിന്നുതിരിയാന്‍ ഇടമില്ലാത്ത ആ കുടിലില്‍ കിടന്ന് കൃപേഷിന്റെ അമ്മയും വിലപിക്കുന്നു. 

കൃപേഷിന് മാരകമായ പതിനഞ്ചു വെട്ടുകളേറ്റതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. വെട്ടേറ്റ് തലച്ചോറ് പിളര്‍ന്ന നിലയിലാണ്. ഇടതുനെറ്റി മുതല്‍ 23 സെ.മീ. നീളത്തിലുള്ള വലിയമുറിവാണ് ഏറ്റവും മാരകം. മുട്ടിനു താഴെ മാത്രം അഞ്ചിടത്ത് വെട്ടേറ്റെന്നും റിപ്പോര്‍ട്ട്. പ്രാദേശികസഹായത്തോടെ ശരത് ലാലിന്റെയും കൃപേഷിന്റെയും നീക്കങ്ങള്‍ പിന്തുടര്‍ന്നിരുന്നതായി പൊലീസിന് സൂചന ലഭിച്ചിരുന്നു.  ശരത് ലാലിനും കൃപേഷിനും വധഭീഷണി ഉണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com