മാര്‍ക്‌സിസ്റ്റ് മുന്നണിക്ക് ഷോക്ക് നല്‍കണം;  തെരഞ്ഞെടുപ്പ് തോല്‍വിയിലൂടെ മാത്രമേ സിപിഎം ഊരിയ വാള്‍ ഉറയിലിടൂവെന്ന് ആന്റണി

കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം സിപിഎം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി.
മാര്‍ക്‌സിസ്റ്റ് മുന്നണിക്ക് ഷോക്ക് നല്‍കണം;  തെരഞ്ഞെടുപ്പ് തോല്‍വിയിലൂടെ മാത്രമേ സിപിഎം ഊരിയ വാള്‍ ഉറയിലിടൂവെന്ന് ആന്റണി

ന്യൂഡല്‍ഹി: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം സിപിഎം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി. വരാന്‍ പോകുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മാര്‍ക്‌സിസ്റ്റ് മുന്നണിയെ പരാജയപ്പെടുത്തണം. തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വികളിലൂടെ മാത്രമേ ഇവര്‍ ആയുധം താഴെവയ്ക്കുള്ളുവെന്ന് ആന്റണി ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ഞങ്ങള്‍ കൊലപാതക രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നുവെന്ന് സിപിഎം തുറന്നുപറയണം. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഷോക്ക് കിട്ടണം. എന്നാല്‍ മാത്രമേ ഊരിയ വാള്‍ ഉറയിലിടുകയുള്ളു. ഈ കൊലപാതകങ്ങളുടെ ലക്ഷ്യം വരാന്‍ പോകുന്ന ലോക്‌സഭ തെരഞ്ഞെടുപ്പാണ്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, യുഡിഎഫ് അണികളുടെ മനോവീര്യം തകര്‍ക്കാനുള്ള സിപിഎം ശ്രമമാണിത്. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയം സംഭവിച്ച കാസര്‍കോട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത്തവണ ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. ഇത് മാര്‍ക്‌സിസ്റ്റ് നേതാക്കളില്‍ ഭയപ്പാടുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് സിപിഎം കൊലപാതകം ആസൂത്രണം ചെയ്തത്. 

കോണ്‍ഗ്രസ് അണികളുടെ മനോവീര്യം തകര്‍ന്നാല്‍ അനായാസം ജയിക്കാമെന്നാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കരുതുന്നത്. കൊലപാതക രാഷ്ട്രീയത്തിന് അന്ത്യം വരണമെങ്കില്‍ മുഖ്യമന്ത്രി രംഗത്തിറങ്ങണം. അത് നടക്കുന്നില്ല. ഇനി മറുപടി നല്‍കേണ്ടത് ജനങ്ങളാണ്. മാര്‍ക്‌സിസ്റ്റ് മുന്നണി മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളില്‍ പരാജയപ്പെടുത്തണം. എന്ത് വിലകൊടുത്തും മാര്‍ക്‌സിസ്റ്റ് മുന്നണിയെ പരാജയപ്പെടുത്തും എന്ന് പ്രതിജ്ഞ എടുക്കാനുള്ള സമയമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പ്രഖ്യാപിച്ച മിന്നല്‍ ഹര്‍ത്താലിന് എതിരെ ഹൈക്കോടതി നടത്തിയ വിമര്‍ശനങ്ങളോടുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ആന്റണി പ്രതികരിച്ചില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com