മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപനം ക്രിമിനല്‍ കുറ്റം, ഡീന്‍ കുര്യാക്കോസിന് കോടതിയലക്ഷ്യ നോട്ടീസ്; പൊതുഗതാഗതം പുനഃസ്ഥാപിക്കണം 

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി
മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപനം ക്രിമിനല്‍ കുറ്റം, ഡീന്‍ കുര്യാക്കോസിന് കോടതിയലക്ഷ്യ നോട്ടീസ്; പൊതുഗതാഗതം പുനഃസ്ഥാപിക്കണം 

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്, കാസര്‍കോട് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എന്നിവര്‍ക്ക് കോടതിയലക്ഷ്യ നോട്ടീസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനം വാര്‍ത്തയാക്കരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.

കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഇന്ന് സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തരം മിന്നല്‍ ഹര്‍ത്താലുകള്‍ ജനജീവിതത്തെ ബാധിക്കുന്നതാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി. മുന്നറിയിപ്പില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത് ഒഴിവാക്കാന്‍ ഹൈക്കോടതി ആഴ്ചകള്‍ക്ക് മുന്‍പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇത് നിലനില്‍ക്കുമ്പോള്‍ മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനാണ് കോടതി നടപടി. മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസിന് എതിരെ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

മുന്നറിയില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ക്രിമിനല്‍ കുറ്റമാണ് എന്ന് നിരീക്ഷിച്ച കോടതി ഇതിന് ആഹ്വാനം ചെയ്തത് ആരാണ് എന്ന് ചോദിച്ചു. ഇത്തരം നടപടികളില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തം വേണം. ഇത്തരത്തില്‍ ഉത്തരവ് ലംഘിച്ച് ഹര്‍ത്താല്‍ പ്രഖ്യാപിച്ച പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കാന്‍ വകുപ്പുണ്ടോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആരാഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സമയത്ത് മാത്രമാണ് ഇത്തരം വിഷയങ്ങളില്‍ ഇടപെടാന്‍ സാധിക്കുകയുളളുവെന്നും നിലവില്‍ ഇതിന് പരിമിതികള്‍ ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്നാണ് ഡീന്‍ കുര്യാക്കോസിനും കാസര്‍കോട് യുഡിഎഫ് ജില്ലാ ചെയര്‍മാനും കോടതിയലക്ഷ്യ നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടത്. 

ഇത്തരം മിന്നല്‍ ഹര്‍ത്താലുകളില്‍ ജനജീവിതം തടസ്സപ്പെടാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നാശനഷ്ടം വരുത്തുന്നവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപിയോട് നിര്‍ദേശിച്ചതായി സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ഡീന്‍ കുര്യാക്കോസ് ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റ് സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com