ഹർത്താൽ: അക്രമത്തില്‍ ഏര്‍പ്പെടുന്നവർക്കെതിരെ കര്‍ശന നടപടി, ആവശ്യമായ സുരക്ഷ എര്‍പ്പെടുത്തണമെന്നും ഡിജിപിയുടെ നിർദേശം 

ഇന്നു തുറക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കും. അക്രമത്തിന് മുതിരുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കും
ഹർത്താൽ: അക്രമത്തില്‍ ഏര്‍പ്പെടുന്നവർക്കെതിരെ കര്‍ശന നടപടി, ആവശ്യമായ സുരക്ഷ എര്‍പ്പെടുത്തണമെന്നും ഡിജിപിയുടെ നിർദേശം 

തിരുവനന്തപുരം:  കാസർ​കോട് യൂത്ത് കോൺ​ഗ്രസ് പ്രവര്‍ത്തകർ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താലില്‍ അതിക്രമങ്ങള്‍ തടയാന്‍ ഡിജിപി നിര്‍ദേശം നല്‍കി. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ സാമാന്യ ജനജീവിതം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ജില്ലാപൊലീസ് മേധാവികളോട് ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്. 

സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്നു തുറക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കും. അക്രമത്തിന് മുതിരുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കും.

പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കാന്‍ നിയമ നടപടി കൈക്കൊള്ളും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ സ്വത്തു വകകളില്‍ നിന്നോ നഷ്ടം ഈടാക്കാൻ നടപടി സ്വീകരിക്കാനാണ് നിർദ്ദേശം. എല്ലാ വിധത്തിലുമുളള അനിഷ്ട സംഭവങ്ങള്‍ തടയുന്നതിന് ആവശ്യമായ സുരക്ഷ എര്‍പ്പെടുത്തും.

സ്ഥിതി ഗതികള്‍ നിരീക്ഷിച്ച് ആവശ്യമായ നടപടി എടുക്കണമെന്ന് റേഞ്ച് ഐ.ജി മാരോടും സോണല്‍  എ.ഡി.ജി.പിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ത്താലുകള്‍ നിര്‍ബന്ധിത ഹര്‍ത്താലായി മാറാതിരിക്കുന്നതിന് ആവശ്യമായ നടപടികള്‍ വേണമെന്ന പലപ്പോഴായുളള ഹൈക്കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com