അര്‍ധരാത്രി സെക്രട്ടറിയറ്റിന് മുന്‍പിലെ സമരപ്പന്തലുകള്‍ ബലമായി പൊളിച്ചുമാറ്റി: റോഡരികില്‍ നിന്നും മാറാതെ ശ്രീജിത്ത്

സമരപ്പന്തലില്‍ നിന്ന് പിന്മാറാന്‍ വിസമ്മതിച്ചവരെ ബലം പ്രയോഗിച്ച് മാറ്റിയാണ് അധികൃതര്‍ ഒഴിപ്പിച്ചത്. 
അര്‍ധരാത്രി സെക്രട്ടറിയറ്റിന് മുന്‍പിലെ സമരപ്പന്തലുകള്‍ ബലമായി പൊളിച്ചുമാറ്റി: റോഡരികില്‍ നിന്നും മാറാതെ ശ്രീജിത്ത്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകള്‍ നഗരസഭയുടെ നേതൃത്വത്തില്‍ പോലീസിന്റെ സഹായത്തോടെ പൊളിച്ചുമാറ്റി. പത്തോളം വരുന്ന സമരപ്പന്തലുകളാണ് തിങ്കളാഴ്ച അര്‍ധരാത്രി 11.30ന് പൊളിച്ചുനീക്കിയത്. ഒരു മണിക്കൂറോളം നീണ്ടുനിന്നു പൊളിച്ചുമാറ്റല്‍. സമരപ്പന്തലില്‍ നിന്ന് പിന്മാറാന്‍ വിസമ്മതിച്ചവരെ ബലം പ്രയോഗിച്ച് മാറ്റിയാണ് അധികൃതര്‍ ഒഴിപ്പിച്ചത്. 

സഹോദരന്‍ ശ്രീജീവിന്റെ മരണത്തില്‍ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു വര്‍ഷത്തോളമായി സമരം ചെയ്യുന്ന പാറശ്ശാല സ്വദേശി ശ്രീജിത്ത് ആണ് പന്തല്‍ പൊളിച്ചിട്ടും റോഡരികില്‍ തന്നെ സമരം തുടരുന്നത്.  ഇയാള്‍ക്ക് പിന്തുണയുമായി എത്തിയവരെയും പൊലീസ് നീക്കം ചെയ്തു.

ഫ്‌ളക്‌സ് ഉള്‍പ്പെടെയുള്ളവ മാറ്റാന്‍ ശ്രീജിത്ത് തയ്യാറായില്ല. പൊളിക്കാന്‍ ശ്രമിച്ച നഗരസഭാജീവനക്കാരെ ഇയാളെ പിന്തുണയ്ക്കുന്നവര്‍ തടയാന്‍ ശ്രമിച്ചു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. പിന്നീട് ശ്രീജിത്തിന്റെ പന്തല്‍ പൊളിച്ച് വാഹനത്തില്‍ കയറ്റി. ഓടിച്ചുപോയ വാഹനത്തില്‍ ശ്രീജിത്ത് ചാടിക്കയറുകയും പൊളിച്ച വസ്തുക്കള്‍ വാരി റോഡിലേക്ക് എറിയുകയുംചെയ്തു. കൂടിനിന്നവര്‍ വാഹനത്തെ പിന്തുടര്‍ന്നത് സംഘര്‍ഷത്തിനിടയാക്കി. പിന്നീട് വാഹനം നിര്‍ത്തി ശ്രീജിത്തിനെ പോലീസ് ബലം പ്രയോഗിച്ച് താഴെയിറക്കുകയായിരുന്നു. 12.30 മണിയോടെ കൂടി നിന്നവരെയെല്ലാം കന്റോണ്‍മെന്റ് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് ഒഴിപ്പിച്ചു.

ആറ്റുകാല്‍ പൊങ്കാലയുടെ പശ്ചാത്തലത്തിലാണ് പന്തലുകള്‍ പൊളിക്കുന്നത്. കെഎസ്ആര്‍ടിസി എംപാനല്‍ഡ് സമരക്കാരുടെ പന്തല്‍ ഉള്‍പ്പെടെ സെക്രട്ടേറിയറ്റിന്റെ മുന്‍ഭാഗത്തെ എല്ലാ പന്തലുകളും നഗസഭയുടെ ആരോഗ്യവിഭാഗം ജീവനക്കാര്‍ നീക്കം ചെയ്തു. 

സമരപ്പന്തലുകളില്‍ ഉണ്ടായിരുന്ന ചില ആളുകള്‍ തുടക്കത്തില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി മറ്റു ചിലരും രംഗത്തെത്തിയിരുന്നു. എന്നാല്‍, പെട്ടെന്നുള്ള ഇടപെടല്‍ മൂലം പന്തലുകള്‍ ഒന്നൊന്നായി പൊളിക്കുകയും വസ്തുക്കള്‍ ലോറികളില്‍ മാറ്റുകയും ചെയ്യുകയായിരുന്നു. ആറുലോഡ് വസ്തുക്കളാണ് പൊളിച്ച പന്തലുകളില്‍ നിന്നും മാറ്റിയത്. രണ്ടു വര്‍ഷമായി സമരം നടത്തുന്ന അരിപ്പ ഭൂസമരപ്പന്തലിലെ സമരക്കാര്‍ സ്വമേധയാ സാധനങ്ങള്‍ മാറ്റാന്‍ തയ്യാറായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com