കാസര്‍കോട് ഇരട്ടക്കൊലപാതകം: അറസ്റ്റിലായ നേതാവിനെ സിപിഎം പുറത്താക്കി

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ അറസ്റ്റിലായ സിപിഎം നേതാവ് എ പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
കാസര്‍കോട് ഇരട്ടക്കൊലപാതകം: അറസ്റ്റിലായ നേതാവിനെ സിപിഎം പുറത്താക്കി

കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ അറസ്റ്റിലായ സിപിഎം നേതാവ് എ പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പ്രാഥമിക അംഗത്വത്തില്‍ നിന്ന്  പുറത്താക്കിയതായി
സിപിഎം കാസര്‍കോട് ജില്ലാ കമ്മറ്റി വ്യക്തമാക്കി. കൃത്യത്തില്‍ പങ്കുള്ളവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

അറസ്റ്റിലായ പീതാംബരനെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് എസ്.പി എ.ശ്രീനിവാസ് പറഞ്ഞു.ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്ന് തെളിവുകളും, മൊഴികളും വിലയിരുത്തി. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. അതേസമയം പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലിസ് തിരിച്ചറിഞ്ഞു.

ഇന്നലെ രാത്രി പാക്കം വെളുത്തോളിയിലെ ചെറൂട്ട് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത മഹിന്ദ്ര സൈലോ കാറാണ് പ്രതികള്‍ ഉപയോഗിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കാറിനൊപ്പം കസ്റ്റഡിയിലെടുത്ത സജി ജോര്‍ജാണ് വാഹനത്തിന്റെ ഉടമ. കൃത്യം നടത്താന്‍ ഈ വാഹനം തന്നെയാണോ ഉപയോഗിച്ചത് എന്ന കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. 

ഇരട്ട കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന പീതാംബരനുള്‍പ്പെടെയുള്ള പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷമായിരുന്നു അന്വേഷണ സംഘം യോഗം ചേര്‍ന്നത്. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തില്‍ കസ്റ്റഡിയിലുള്ളവരുടെ മൊഴികളും, ലഭിച്ച തെളിവുകളും വിശദമായി വിലയിരുത്തി.  
പീതാംബരനില്‍ നിന്ന് കൊലപാതകം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ അന്വഷണ സംഘത്തിന് ലഭിച്ചു. പീതാംബരനു നേരെയുണ്ടായ ആക്രമത്തിന് പകരം വീട്ടുകയായിരുന്നു ശരത്തിനും, കൃപേഷിനും നേരെയുണ്ടായ ആക്രമണത്തിന്റെ ലക്ഷ്യം എന്ന വിവരമാണ് ചോദ്യം ചെയ്യലില്‍ ലഭിച്ചിരിക്കുന്നത്. കസ്റ്റഡിയിലുള്ള എല്ലാവര്‍ക്കും കൃത്യത്തിന്റെ  ആസൂത്രണത്തില്‍ പങ്കുണ്ട് എന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com