ഇരട്ടക്കൊലപാതകത്തില്‍ പൊലീസിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ?; ഒരു എംഎല്‍എയും മുന്‍ എംഎല്‍എയും ഇടപെട്ടു ; പ്രതികളുടെ മൊഴി കേസ് വഴിതെറ്റിക്കാനെന്നും പൊലീസിന് സംശയം

പീതാംബരന്‍ അടക്കമുള്ളവരെ ചൊവ്വാഴ്ച പുലര്‍ച്ചെയോടെ സിപിഎം പൊലീസിന് മുന്നില്‍ ഹാജരാക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്
ഇരട്ടക്കൊലപാതകത്തില്‍ പൊലീസിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ?; ഒരു എംഎല്‍എയും മുന്‍ എംഎല്‍എയും ഇടപെട്ടു ; പ്രതികളുടെ മൊഴി കേസ് വഴിതെറ്റിക്കാനെന്നും പൊലീസിന് സംശയം

കാസര്‍കോട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതക കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ഏറുന്നുവെന്ന ആക്ഷേപം ശക്തമാകുന്നു. കുറ്റകൃത്യത്തില്‍ പങ്കാളികളെന്ന് സംശയിക്കുന്ന ഏതാനും പേര്‍ കസ്റ്റഡിയിലായിട്ടും കൊലയാളി സംഘത്തിലേക്ക് നീളുന്ന തെളിവുകള്‍ പൊലീസിന് ഇതുവരെ കിട്ടിയിട്ടില്ല. കേസ് പീതാംബരനില്‍ ഒതുക്കാനാണ് രാഷ്ട്രീയ സമ്മര്‍ദ്ദമുള്ളതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

കൊലപാതകത്തില്‍ സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിലേറെ പിന്നിട്ടിട്ടും ലോക്കല്‍ കമ്മിറ്റിയംഗമായ പീതാംബരന്റെ അറസ്റ്റ് മാത്രമാണ് ഇതുവരെ രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യല്‍ തുടരുകയാണെന്നാണ് പൊലീസ് പറയുവന്നത്. കസ്റ്റഡിയില്‍ ഉള്ളവരെല്ലാം ഒരേ തരത്തിലുള്ള മൊഴിയാണ് പൊലീസിന് നല്‍കുന്നത്. അച്ചടിച്ച രീതിയിലുള്ള ഈ മൊഴി ഇവര്‍ ആവര്‍ത്തിക്കുകയാണ്. കസ്റ്റഡിയിലാകുന്നതിന് മുമ്പ് ഇവര്‍ക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്ന സംശയത്തിലാണ് അന്വേഷണ സംഘം. 

കൊലപാതകം നടത്തിയത് ഒറ്റയ്ക്കാണെന്നും കമ്പിവടി കൊണ്ട്  അടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു എന്നുമാണ് പീതാംബരന്‍ മൊഴി നല്‍കിയിട്ടുള്ളത്. കഞ്ചാവിന്റെ ലഹരിയിലായിരുന്നു കൊലപാതകം നടത്തിയതെന്ന പീതാംബരന്റെ മൊഴി അന്വേഷണത്തെ വഴിതെറ്റിക്കാനാണെന്നും പൊലീസ് കരുതുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരിലേക്കോ ഗൂഢാലോചനയുടെ വിശദാംശങ്ങളിലേക്കോ എത്താന്‍ ഇനിയും പൊലീസിന് കഴിഞ്ഞിട്ടില്ല. വടക്കന്‍ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ സ്ഥിരം ശൈലിയിലാണ് പെരിയയിലെ ഇരട്ടക്കൊലയും നടന്നത്. ഒരു ലോക്കല്‍ കമ്മിറ്റിയംഗത്തിന് ഒറ്റയ്ക്ക് കൊലപാതക സംഘത്തെ ഏകോപിപ്പിച്ച് ഇത്തരമൊരു കൃത്യം നടപ്പാക്കാന്‍ കഴിയില്ല. ഇതിലേക്ക് ബന്ധിപ്പിക്കുന്ന മറ്റ് ഘടകങ്ങള്‍, ആസൂത്രണം എന്നിവയെക്കുറിച്ചൊന്നും ഒരു സൂചനയും അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല.

അന്വേഷണത്തിന്റെ ആദ്യ മണിക്കൂറുകളില്‍ ഒരു എംഎല്‍എയുടേയും ഒരു മുന്‍ എംഎല്‍എയുടേയും ഇടപെടല്‍ ഉണ്ടായെന്ന് പൊലീസുകാരില്‍ ചിലര്‍ തന്നെ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കൃത്യത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു ഇത്. ഇവരുടെ വീടിന് സമീപത്തുനിന്നാണ് വാഹനങ്ങള്‍ കണ്ടെടുത്തത്. ഒരു വാഹന ഉടമയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും സിപിഎം ജില്ലാ നേതാക്കള്‍ എത്തി ബലമായി മോചിപ്പിക്കുകയായിരുന്നു. സജി എന്നയാളെയാണ് മോചിപ്പിച്ചത്. 

പീതാംബരന്‍ അടക്കമുള്ളവരെ തിങ്കളാഴ്ച രാത്രിയോടെ കസ്റ്റഡിയില്‍ എടുത്തുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെ പീതാംബരന്‍ അടക്കമുള്ളവരെ സിപിഎം പൊലീസിന് മുന്നില്‍ ഹാജരാക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. കസ്റ്റഡിയില്‍ ഉള്ളവരെല്ലാം ഒരേ മൊഴി ആവര്‍ത്തിക്കുന്നതും പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. പൊലീസി്‌ന് നല്‍കേണ്ട മൊഴി സംബന്ധിച്ച് കൃത്യമായ പരിശീലനം ലഭിച്ചെന്നും പൊലീസ് സംശയിക്കുന്നു. കേസില്‍ പൊലീസിന്റെ ഇപ്പോഴത്തെ മെല്ലെപ്പോക്ക്, കൊലപാതകം നടത്തിയ പ്രതികള്‍ക്ക് സുരക്ഷിതമായി ഒളിക്കാനുള്ള സമയം നല്‍കാനാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആക്ഷേപം ഉയര്‍ത്തിയിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി അറസ്റ്റിലായ പീതാംബരന്റെ കുടുംബം രംഗത്തെത്തിയിരുന്നു. പാര്‍ട്ടി അറിയാതെ പീതാംബരന്‍ ഒന്നും ചെയ്യില്ല. പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ് ഭര്‍ത്താവ്. മുഴുവന്‍ കാര്യവും പാര്‍ട്ടി അറിഞ്ഞിട്ടാണ്. നേരത്തെ പ്രദേശത്തു ഉണ്ടായ അക്രമങ്ങളില്‍ പാര്‍ട്ടിക്ക് വേണ്ടിയാണ് പങ്കാളിയായത്. മറ്റാര്‍ക്കോ വേണ്ടി പീതാംബരന്‍ കുറ്റം ഏറ്റെടുക്കുകയായിരുന്നു. കൈ പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്ന പീതാംബരന് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുക്കാനാകില്ല. പാര്‍ട്ടിക്കായി നിന്നിട്ട് ഇപ്പോള്‍ പുറത്താക്കിയെന്നും പീതാംബരന്റെ കുടുംബം ആരോപിച്ചു. 

പാര്‍ട്ടിക്ക് മോശമായെന്ന് കരുതിയപ്പോള്‍ അപ്പോള്‍ പുറത്താക്കിയതാണ്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് സമയമല്ലേ അതുകൊണ്ട് പാര്‍ട്ടിക്ക് മോശക്കേട് ഒഴിവാക്കാന്‍ പാര്‍ട്ടി കൈവിട്ടതാണെന്നും പീതാംബരന്റെ മകളും പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com