കോതമംഗലം പള്ളി തര്‍ക്കം; രക്തച്ചൊരിച്ചില്‍ ഇല്ലാതെ പ്രശ്‌നത്തിന് പരിഹാരമാവില്ലെന്ന് പൊലീസ്‌

ഓര്‍ത്തഡോക്‌സ് വിഭാഗം വികാരി തോമസ് പോള്‍ റമ്പാന് കോതമംഗലം ചെറിയ പള്ളിയിലെ അധികാരം സ്ഥാപിച്ചു നല്‍കുക എന്നത് സാവാധനം നടക്കുകയുള്ളു എന്നാണ് പൊലീസ് നിലപാട്
കോതമംഗലം പള്ളി തര്‍ക്കം; രക്തച്ചൊരിച്ചില്‍ ഇല്ലാതെ പ്രശ്‌നത്തിന് പരിഹാരമാവില്ലെന്ന് പൊലീസ്‌

കൊച്ചി: കോതമംഗലം പള്ളി സഭാ തര്‍ക്കത്തില്‍ രക്തച്ചൊരില്ലില്‍ ഇല്ലാതെ പ്രശ്‌നപരിഹാരം സാധ്യമല്ലെന്ന് പൊലീസ്. രക്തച്ചൊരിച്ചില്‍ ഇല്ലാതെ സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാന്‍ സാധിക്കില്ലെന്നാണ് മൂവാറ്റുപുഴ ഡിവൈഎസ്പി ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണ പത്രികയില്‍ പറയുന്നത്. 

ഓര്‍ത്തഡോക്‌സ് വിഭാഗം വികാരി തോമസ് പോള്‍ റമ്പാന് കോതമംഗലം ചെറിയ പള്ളിയിലെ അധികാരം സ്ഥാപിച്ചു നല്‍കുക എന്നത് സാവാധനം നടക്കുകയുള്ളു എന്നാണ് പൊലീസ് നിലപാട്. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ ഉത്തരവ് നടപ്പിലാക്കാന്‍ വേഗത്തില്‍ ശ്രമിച്ചാല്‍ വന്‍തോതില്‍ നാശനഷ്ടത്തിനും ജീവാപായത്തിനും സാധ്യതയുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാണിക്കുന്നു. 

കോതമംഗലം താലൂക്കിലെ വലിയ വിഭാഗം വിശ്വാസികളുടേയും കേന്ദ്രമാണ് ഈ പള്ളി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് പള്ളിയില്‍ പ്രവേശിക്കാന്‍ ഫാ.തോമസ് പോളിന് സംരക്ഷണം നല്‍കി. എന്നാല്‍ അയ്യായിരത്തോളം പേരാണ് റമ്പാന്‍ മടങ്ങിപ്പോകണം എന്ന മുദ്രാവാക്യം ഉയര്‍ത്തി എത്തി പ്രതിഷേധിച്ചത്. പൊലീസുകാരേക്കാള്‍ കൂടുതല്‍ പ്രതിഷേധക്കാരുണ്ടായി ഇവിടെ. 

ഡിസംബര്‍ 20നും 21നും റമ്പാനെ തടയുന്നതിനിടെ ഇവിടെ സംഘര്‍ഷമുണ്ടായി. 200 പേരെ അറസ്റ്റ് ചെയ്തു. പള്ളിയുടെ നിയന്ത്രണം ഓര്‍ത്തഡോക്‌സ് വികാരി ഏറ്റെടുക്കുന്നതോടെ എതിര്‍ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധം വരും. ഇതിനാല്‍ കോടതി ഉത്തരവ് നടപ്പിലാക്കാന്‍ സമയം നല്‍കണം എന്ന് പൊലീസ് ആവശ്യപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com