പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; ഇരട്ടക്കൊലപാതകത്തില്‍ പങ്കാളികളായ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്യും

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് രാവിലെ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിക്കും
പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; ഇരട്ടക്കൊലപാതകത്തില്‍ പങ്കാളികളായ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്യും

കാസര്‍ഗോഡ്; പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സിപിഎം മുന്‍ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൃത്യം നടന്ന സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയ ശേഷമാകും കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ്  കോടതിയില്‍ ഹാജരാക്കുക. കൊലപാതകത്തില്‍ പങ്കുള്ള മറ്റ് മൂന്നു പേരെ കൂടി ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. 

ഇരട്ടക്കൊലപാതകത്തിലെ സൂത്രധാരന്‍ എന്ന് സംശയിക്കുന്ന പിതാംബരനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലിയോട്ടെ വീട്ടില്‍ നിന്ന് ഒളിവില്‍ പോയ പീതാംബരനെ കാസര്‍കോട്കര്‍ണാടക അതിര്‍ത്തിപ്രദേശത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. തുടര്‍ന്ന് ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ വാദം. 

അതേസമയം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് രാവിലെ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിക്കും. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഇന്ന് കലക്ട്രേറ്റില്‍ ഉപവാസമിരിക്കും. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ ഉപവാസത്തില്‍ പങ്കെടുക്കും.

പീതാംബരനില്‍ നിന്ന് കൊലപാതകം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ അന്വഷണ സംഘത്തിന് ലഭിച്ചു. പീതാംബരനു നേരെയുണ്ടായ ആക്രമത്തിന് പകരം വീട്ടുകയായിരുന്നു ശരത്തിനും, കൃപേഷിനും നേരെയുണ്ടായ ആക്രമണത്തിന്റെ ലക്ഷ്യം എന്ന വിവരമാണ് ചോദ്യം ചെയ്യലില്‍ ലഭിച്ചിരിക്കുന്നത്. കസ്റ്റഡിയിലുള്ള എല്ലാവര്‍ക്കും കൃത്യത്തിന്റെ  ആസൂത്രണത്തില്‍ പങ്കുണ്ട് എന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com