കൊല്ലപ്പെട്ടവരുടെ വീടുകള്‍ എല്‍ഡിഎഫ് നേതാക്കള്‍ സന്ദര്‍ശിക്കുന്നത് നല്ല സന്ദേശം നല്‍കില്ല; മന്ത്രി ചന്ദ്രശേഖരനെ വിമര്‍ശിച്ച് എ വിജയരാഘവന്‍

പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെ വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍
കൊല്ലപ്പെട്ടവരുടെ വീടുകള്‍ എല്‍ഡിഎഫ് നേതാക്കള്‍ സന്ദര്‍ശിക്കുന്നത് നല്ല സന്ദേശം നല്‍കില്ല; മന്ത്രി ചന്ദ്രശേഖരനെ വിമര്‍ശിച്ച് എ വിജയരാഘവന്‍

തിരുവനന്തപുരം: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെ വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. മന്ത്രി കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചത് നല്ല സന്ദേശം നല്‍കാനാണെന്ന് കരുതുന്നില്ലെന്ന് വിജയരാഘവന്‍ പറഞ്ഞു. എല്‍ഡിഎഫ് നേതാക്കള്‍ കൊല്ലപ്പെട്ടവരുടെ വീട്ടില്‍ പോകുന്നത് നല്ല സന്ദേശം നല്‍കില്ല. ജില്ലയിലെ മന്ത്രി എന്ന നിലയില്‍ പോകുന്നതില്‍ തെറ്റില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. 

മന്ത്രിയുടെ സന്ദര്‍ശനത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുകൂലിച്ചിരുന്നു. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചത് സര്‍ക്കാര്‍ പ്രതിനിധിയായിട്ടാണെന്ന് കോടിയേരി പറഞ്ഞിരുന്നു. 

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ ഇന്ന് രാവിലെയാണ് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചത്. കൊലകളില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബങ്ങളുടെ ആവശ്യം സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം അതിദാരുണമാണെന്നും കേരളത്തില്‍ ഇനി ആവര്‍ത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അന്വേഷണം കൃത്യമായി നടത്താന്‍ സംവിധാനമൊരുക്കിയിട്ടുണ്ടെന്നും തെറ്റിദ്ധാരണ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ക്രൂരകൃത്യത്തെ ആരും അംഗീകരിച്ചിട്ടില്ല. ഇനി ഇതാവര്‍ത്തിക്കാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായാണ് മന്ത്രി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളിലെത്തിയത്.

കൃപേഷിന്റെ വീടിന് പട്ടയം ലഭിക്കാത്തതിന്റെ കാരണം പരിശോധിക്കുമെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.വീടിന്റെ കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടുള്ളത് തദ്ദേശ സ്വയം ഭരണവകുപ്പ് പരിശോധിച്ച് നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ജില്ലാ കലക്ടറുമായി ചര്‍ച്ച നടത്തുമെന്നും നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com