പെരിയ ഇരട്ട കൊലപാതകം ക്രൈംബ്രാഞ്ചിന്; കേസിൽ അഞ്ച് പേർ കൂടി അറസ്റ്റിൽ

കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
പെരിയ ഇരട്ട കൊലപാതകം ക്രൈംബ്രാഞ്ചിന്; കേസിൽ അഞ്ച് പേർ കൂടി അറസ്റ്റിൽ

തിരുവവന്തപുരം: കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഐജി. എസ് ശ്രീജിത്തിന്റെ മേൽനോട്ടത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. സംഘത്തിലെ മറ്റ് ഉദ്യോ​ഗസ്ഥരെ ഐജി നിശ്ചയിക്കും. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിൽ‌ നാളെ എത്താനിരിക്കെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ടുള്ള ഉത്തരവ് സർക്കാരിൽ നിന്നുമുണ്ടായത്.  

അന്തർ സംസ്ഥാനതലത്തിലുള്ള അന്വേഷണം വേണ്ടതിനാലും തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതും കണക്കിലെടുത്താണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൊടുക്കുന്നതെന്നാണ് സർ‌ക്കാരിന്റെ വിശദീകരണം. നേരത്തെ കാസർകോട് ജില്ലാ പൊലീസ് മേധാവിയായിരുന്ന ഡോ. എ ശ്രീനിവാസിനെ ക്രൈംബ്രാഞ്ചിലേക്ക് സർക്കാർ മാറ്റിയിരുന്നു. 

അതിനിടെ കേസിൽ അഞ്ച് പേരുടെ അറസ്റ്റ് കൂടി പൊലീസ് രേഖപ്പെടുത്തി. കേസ് അന്വേഷണത്തിന്റെ ഭാ​ഗമായി നേരത്തെ കസ്റ്റഡിയിലെടുത്ത അ‍ഞ്ച് പേരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. എച്ചിലടുക്കം സ്വദേശികളായ കെഎം സുരേഷ്, കെ അനിൽ കുമാർ, കുണ്ടംകുഴി സ്വദേശി  അശ്വിൻ, കല്ലിയോട്ട് സ്വദേശികളായ ശ്രീരാഗ്,​ ഗിജിൻ എന്നിവരുടെ അറസ്റ്റാണ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയത്. 

ഇതോടെ ഇരട്ടക്കൊല കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. സിപിഎം ലോക്കൽ സെക്രട്ടറി പീതാംബരൻ, കൊലയാളി സംഘത്തിന് സഞ്ചരിക്കാനുള്ള കാർ തയ്യാറാക്കിയ സജി ജോർജ് എന്നിവരുടെ അറസ്റ്റ് നേരത്തെ തന്നെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com