മുഖ്യമന്ത്രിക്ക് മറുപടി; ക്ലിഫ് ഹൗസിലേക്ക് വാഴപ്പിണ്ടി കയറ്റിയയക്കുന്ന ചലഞ്ചുമായി യൂത്ത് കോൺ​ഗ്രസ്

മുഖ്യമന്ത്രിക്ക് വാഴപ്പിണ്ടി കയറ്റി അയക്കാനൊരുങ്ങി യൂത്ത് കോൺ​ഗ്രസ്
മുഖ്യമന്ത്രിക്ക് മറുപടി; ക്ലിഫ് ഹൗസിലേക്ക് വാഴപ്പിണ്ടി കയറ്റിയയക്കുന്ന ചലഞ്ചുമായി യൂത്ത് കോൺ​ഗ്രസ്

തൃശൂര്‍: മുഖ്യമന്ത്രിക്ക് വാഴപ്പിണ്ടി കയറ്റി അയക്കാനൊരുങ്ങി യൂത്ത് കോൺ​ഗ്രസ്. കാസര്‍കോട് പെരിയയില്‍ നടന്ന കൊലപാതകത്തില്‍  മൗനം പാലിക്കുന്ന സാംസ്‌കാരിക നായകര്‍ക്ക് നട്ടെല്ലിനുപകരം വാഴപ്പിണ്ടിയുമായി യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചിരുന്നു. ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലാണ് മുഖ്യമന്ത്രി വിമർശനമുന്നയിച്ചത്. ഇതെത്തുടർന്നാണ് ക്ലിഫ് ഹൗസിലേക്ക് വാഴപ്പിണ്ടി അയയ്ക്കുന്ന ചലഞ്ചുമായി യൂത്ത് കോണ്‍ഗ്രസ് രം​ഗത്തെത്തിയത്. 

കാസര്‍കോട് പെരിയയില്‍ നടന്ന ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ സാംസ്‌കാരിക നായകരുടെ മൗനം നട്ടെല്ലില്ലായ്മയാണെന്ന് ആക്ഷേപിച്ച് സാഹിത്യ അക്കാദമി ആസ്ഥാനത്തായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴപ്പിണ്ടിയുമായി പ്രതിഷേധം സംഘടിപ്പിച്ചത്. രാഷ്ട്രീയ വിധേയത്വത്തിന്റെ ഭാഗമായി നട്ടെല്ല് നഷ്ടപ്പെട്ട സ്ഥാനത്ത് വാഴപ്പിണ്ടി ഘടിപ്പിക്കണമെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു ഇത്. അക്കാദമിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ഔദ്യോഗിക വാഹനത്തിന് മുന്നില്‍ വാഴപ്പിണ്ടി കെട്ടിവയ്ക്കുകയും ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെപിസിസി പ്രചാരണ സമിതി അംഗവുമായ ജോണ്‍ ഡാനിയല്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. സുനില്‍ ലാലൂര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പെരിയ ഇരട്ട കൊലപാതകത്തില്‍ മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആകെ ഉണ്ടായിരുന്നത് മൂന്നേ മൂന്ന് വാചകങ്ങളാണ്. നിഷ്ഠൂരമായ ആ കൊലപാതകങ്ങള്‍ മുഖ്യമന്ത്രിക്ക് ഹീനം പോലുമായിരുന്നില്ല, 'ദൗര്‍ഭാഗ്യകരം' മാത്രമായിരുന്നു.

എന്നാല്‍ ഇരട്ടക്കൊലയില്‍ മൗനം പാലിച്ച സാംസ്‌കാരിക മൂപ്പന്മാരുടെ രാഷ്ട്രീയ വിധേയത്വവും നട്ടെല്ലില്ലായ്മയും തുറന്നു കാട്ടി, തൃശൂരിലെ സാഹിത്യ അക്കാദമി മുറ്റത്തേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴപ്പിണ്ടിയുമായി നടത്തിയ പ്രതിഷേധ പ്രകടനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി എഫ്ബിയിലിട്ട പോസ്റ്റില്‍ അഞ്ച് വാചകങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. ഇതിലുള്ള പ്രതിഷേധമെന്ന നിലയിലാണ് ക്ലിഫ് ഹൗസിലേക്ക് വാഴപ്പിണ്ടി അയക്കാൻ യൂത്ത് കോൺ​​ഗ്രസ് ഒരുങ്ങുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com