തിരുവനന്തപുരത്ത് കുമ്മനം മത്സരിക്കണം; നിലപാട് വ്യക്തമാക്കി ആർഎസ്എസ്; അമിത് ഷായുമായി ചർച്ച നടത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd February 2019 08:31 PM |
Last Updated: 22nd February 2019 08:31 PM | A+A A- |

പാലക്കാട്: കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് സ്ഥാനാർഥിയാക്കണമെന്ന് ആർഎസ്എസ്. ഇതുമായി ബന്ധപ്പെട്ട് ആർഎസ്എസ് നേതൃത്വം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി ചർച്ച നടത്തി. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് അമിത് ഷാ പാലക്കാട്ടെത്തിയിരുന്നു.
കേരളത്തിൽ ബിജെപിക്ക് അവസരം നല്‍കണമെന്ന് അമിത് ഷാ പൊതുയോഗത്തിൽ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ ബിജെപി എംപിമാരുമായി വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും അമിത് ഷാ അവകാശപ്പെട്ടു. യുപിഎ സര്‍ക്കാര്‍ നല്‍കിയതിനേക്കാള്‍ സഹായം എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തിന് നല്‍കി. കേരളത്തിലെ നിരീശ്വരവാദി സര്‍ക്കാരിനെ പിഴുതുകളയണം. കേരളത്തിലെ മുന്നണികളുടേത് ഭായ് ഭായ് കൂട്ടുകെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം സ്ഥാനാർഥികളെക്കുറിച്ച് ഒരു യോഗത്തിലും ചർച്ച ചെയ്തിട്ടില്ലെന്നായിരുന്നു പാലക്കാട് നടന്ന പൊതുയോഗത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള പറഞ്ഞത്. ഓരോ യോഗം കഴിയുമ്പോഴും ബിജെപിയിൽ തമ്മിലടിയാണെന്ന് കുപ്രചാരണം നടത്തുന്നതായും ഇതിന് പിന്നിൽ കോൺഗ്രസാണെന്നും ശ്രീധരൻപിള്ള ആരോപിച്ചു.