കോടതി വിധി ഒരു വിഭാ​ഗത്തിന് മാത്രമാണോ ബാധകം; പള്ളികളിലെ ഉച്ചഭാഷിണി എന്തുകൊണ്ട് മാറ്റുന്നില്ല- വിമർശനവുമായി അമിത് ഷാ

ശബരിമല വിധി നടപ്പാക്കാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചാണ് അമിത് ഷായുടെ ചോദ്യം
കോടതി വിധി ഒരു വിഭാ​ഗത്തിന് മാത്രമാണോ ബാധകം; പള്ളികളിലെ ഉച്ചഭാഷിണി എന്തുകൊണ്ട് മാറ്റുന്നില്ല- വിമർശനവുമായി അമിത് ഷാ

പാലക്കാട്: സുപ്രീം കോടതി വിധി ഒരു മതത്തിന് മാത്രമാണോ ബാധകമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ശബരിമല വിധി നടപ്പാക്കാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചാണ് അമിത് ഷായുടെ ചോദ്യം. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാലക്കാട് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കവേയാണ് ബിജെപി ദേശീയ അധ്യക്ഷൻ വിമർശനമുന്നയിച്ചത്. 

2000ത്തിലധികം ശബരിമല ഭക്തര്‍ ജയിലിലാണ്.  30,000 ത്തിലധികം പേര്‍ പല കേസുകളിലായി ജയിലിലാണ്. സുപ്രീം കോടതി വിധി പറഞ്ഞാണ് ഇത്രയും പേരെ ജയിലിലിട്ടിരിക്കുന്നത്. എന്നാല്‍ ഇതേ സുപ്രീം കോടതി മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികളൊഴിവാക്കണമെന്ന് പറഞ്ഞിട്ടുണ്ട്. എത്ര പള്ളികളിലെ ഉച്ചഭാഷിണികള്‍ വിധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ എടുത്തുമാറ്റിയിട്ടുണ്ടെന്ന് അമിത് ഷാ ചോദിച്ചു. സുപ്രീം കോടതി വിധി ഒരു വിഭാഗത്തിന് മാത്രമാണോ ബാധകമാകുന്നത്. ക്രമസമാധാന പാലനം നടത്തുന്ന സര്‍ക്കാരാണെങ്കില്‍ ബാക്കി സുപ്രീം കോടതി വിധികള്‍ കൂടി നടപ്പിലാക്കണം എന്നും അമിത് ഷാ പറഞ്ഞു.

നേതാവില്ലാത്ത മഹാസഖ്യമാണ് രാഹുല്‍ ഗാന്ധി രൂപീകരിക്കുന്നതെന്ന് അമിത് ഷാ പരിഹസിച്ചു. കേരളത്തിൽ ബിജെപിക്ക് അവസരം നല്‍കണം. കേരളത്തിലെ ബിജെപി എംപിമാരുമായി വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും അമിത് ഷാ അവകാശപ്പെട്ടു.  യുപിഎ സര്‍ക്കാര്‍ നല്‍കിയതിനേക്കാള്‍ സഹായം എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തിന് നല്‍കി. കേരളത്തിലെ നിരീശ്വരവാദി സര്‍ക്കാരിനെ പിഴുതുകളയണം. കേരളത്തിലെ മുന്നണികളുടേത് ഭായ് ഭായ് കൂട്ടുകെട്ടെന്നും അദ്ദേഹം പറഞ്ഞു. 

അതേ സമയം സ്ഥാനാർഥികളെക്കുറിച്ച് ഒരു  യോഗത്തിലും ചർച്ച ചെയ്തിട്ടില്ലെന്ന് പാർട്ടി  സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള പറഞ്ഞു. ഓരോ യോഗം കഴിയുമ്പോഴും തമ്മിലടിയാണെന്ന് കുപ്രചാരണം നടത്തുന്നതായും ഇതിന് പിന്നിൽ കോൺഗ്രസാണെന്നും ശ്രീധരൻപിള്ള ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com