ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തം : റവന്യൂമന്ത്രി റിപ്പോർട്ട് തേടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd February 2019 12:15 PM |
Last Updated: 23rd February 2019 12:15 PM | A+A A- |

തിരുവനന്തപുരം: കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ നിർദേശം നൽകി. എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ്. വൈ. സഫറുള്ളയോടാണ് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടത്. അടിയന്തിരമായി റിപ്പോർട്ട് നൽകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
വെള്ളിയാഴ്ചയാണ് പ്ലാന്റിൽ തീപിടിത്തമുണ്ടായത്. ഇതിനു പിന്നാലെ ശനിയാഴ്ച പുലർച്ചെ കൊച്ചി നഗരത്തിലെ വ്യാപകമായി രൂക്ഷമായ പുകശല്യമുണ്ടായി. പുക കൊച്ചി നഗരത്തിലേക്ക് വ്യാപിച്ചതോടെ ആളുകൾക്ക് കണ്ണെരിച്ചിലും അസ്വസ്ഥതകളും അനുഭവപ്പെട്ടു. വൈറ്റില, കടവന്ത്ര, പനമ്പിള്ളി നഗർ തുടങ്ങി കൊച്ചി നഗരപ്രദേശങ്ങളിലേക്കും പുക വ്യാപിക്കുകയായിരുന്നു.
അതേസമയം പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ പറഞ്ഞു. തീ അണയ്ക്കുന്നതോടെ പുകശല്യത്തിൽ കുറവുണ്ടാകുമെന്നും മേയർ പറഞ്ഞു. പുകശല്യം രൂക്ഷമായതോടെ നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കൊച്ചിയിൽ നിന്നുള്ള മാലിന്യ വണ്ടികൾ തടയുമെന്ന് നാട്ടുകാർ പറഞ്ഞു.