'അഭിമന്യുവിനായി പിരിച്ച അരപൈസ പാര്‍ട്ടിക്കു വേണ്ട'; 'നക്കിത്തിന്നവര്‍' കോണ്‍ഗ്രസുകാര്‍

കൊട്ടക്കാമ്പൂരില്‍ സ്ഥലം വാങ്ങുന്ന നിരക്കില്‍ എറണാകുളത്ത് സ്ഥലം കിട്ടില്ല. അതുകൊണ്ടാണ് അഭിമന്യു സ്മാരക നിര്‍മ്മാണം വൈകുന്നത്
'അഭിമന്യുവിനായി പിരിച്ച അരപൈസ പാര്‍ട്ടിക്കു വേണ്ട'; 'നക്കിത്തിന്നവര്‍' കോണ്‍ഗ്രസുകാര്‍

കൊച്ചി:മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ പേരില്‍  പിരിച്ചെടുത്ത നാലു കോടി രൂപയില്‍ 35 ലക്ഷം രൂപ മാത്രം കുടുംബത്തിന് നല്‍കി ബാക്കി തുക സിപിഎം എടുത്തെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മറുപടിയുമായി എറണാകുളം സിപിഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍. 

അഭിമന്യുവിന്റെ പേരില്‍ ഇടുക്കി ജില്ലയില്‍ നിന്ന് പിരിച്ച പണം പൂര്‍ണമായും അഭിമന്യുവിന്റെ കുടുംബത്തിനു തന്നെ കൈമാറി. അഭിമന്യുവിന്റെ കുടുംബത്തിന് വീട് വച്ചു നല്‍കി. സഹോദരിയുടെ വിവാഹം നടത്തി. മാതാപിതാക്കളുടെ പേരില്‍ തുകയും നിക്ഷേപിച്ചെന്ന് എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍മോഹനന്‍ പറഞ്ഞു. എറണാകുളം ജില്ലയില്‍ നിന്നു പിരിച്ച രണ്ടേ കാല്‍ കോടി രൂപയോളം രൂപ ബാക്കിയുണ്ട്. ഈ പണം ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ സുരക്ഷിതമാണ്. ഇതില്‍ നിന്ന് ഒരു രൂപ പോലും സിപിഎം എടുക്കില്ല. അരപ്പൈസ പോലും പാര്‍ട്ടിക്കു വേണ്ട. സിപിഎമ്മിനു വേണ്ട പണം ഇവിടെ വേറെയുണ്ട്. അഭിമന്യുവിന്റെ പേരില്‍ എറണാകുളത്ത് സ്മാരകം നിര്‍മിക്കുമെന്ന് പാര്‍ട്ടി നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട് . ഇതിനായി സ്ഥലം കണ്ടെത്താനുളള ശ്രമത്തിലാണ്. കൊട്ടക്കാമ്പൂരില്‍ സ്ഥലം വാങ്ങുന്ന നിരക്കില്‍ എറണാകുളത്ത് സ്ഥലം കിട്ടില്ല. അതുകൊണ്ടാണ് ഇത് വൈകുന്നതെന്നും സിഎന്‍ മോഹനന്‍ പറഞ്ഞു.

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായിരുന്ന സിഎം സ്റ്റീഫന്റെ പേരില്‍ നടത്തിയ പണം പോലും മുക്കിയവരാണ് കോണ്‍ഗ്രസുകാര്‍. ആ പണം ചിലര്‍ ''നക്കി തിന്നെന്ന്'' പറഞ്ഞത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. മുല്ലപ്പളളി യാത്രയ്ക്കിടെ കൊല്ലത്തു പോയി ഈ പണത്തെ പറ്റി ചോദിക്കട്ടെയെന്നും സി.എന്‍.മോഹനന്‍ പറയുന്നു. ജനമഹായാത്ര നുണമഹായാത്രയായി മാറിയെന്നും മോഹനന്‍ പരിഹസിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com