'അവന്‍ ചാവാന്‍ റെഡിയായി. ഞങ്ങള്‍ സെറ്റായി' ; പെരിയ ഇരട്ടക്കൊലപാതകത്തില്‍ സോഷ്യല്‍ മീഡിയയില്‍ കൊലവിളി നടന്നു, തെളിവുകള്‍ പുറത്ത്

നേരത്തെ കല്യോട്ട് സ്‌കൂളില്‍ എസ്എഫ്‌ഐ നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായിരുന്നു
'അവന്‍ ചാവാന്‍ റെഡിയായി. ഞങ്ങള്‍ സെറ്റായി' ; പെരിയ ഇരട്ടക്കൊലപാതകത്തില്‍ സോഷ്യല്‍ മീഡിയയില്‍ കൊലവിളി നടന്നു, തെളിവുകള്‍ പുറത്ത്

കാസര്‍കോട്:  കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനും ശരത്‌ലാലിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ കൊലവിളി നടന്നിരുന്നതായി കണ്ടെത്തി. കൊലപാതകത്തിന് പിടിയിലായ പ്രതികളുള്‍പ്പെടെ കൊലവിളി നടത്തിയവരില്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഉള്‍പ്പെടെ പൊലീസിന് പരാതി നല്‍കി. എന്നാല്‍ പൊലീസ് ഇത് കാര്യമായി എടുത്തില്ലെന്ന് ബന്ധുക്കള്‍ ആരോപണം ഉന്നയിക്കുന്നു. 

നേരത്തെ കല്യോട്ട് സ്‌കൂളില്‍ എസ്എഫ്‌ഐ നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായിരുന്നു. പണപ്പിരിവിനെ കൃപേഷ് ഇടപെട്ട് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ കേസില്‍ അറസ്റ്റിലായ അശ്വിന്റെ സഹോദരന്‍ കൃപേഷിന്റെ ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇവനാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരെ തടഞ്ഞത് എന്നായിരുന്നു പോസ്റ്റ്. ഇതിന് താഴെയാണ് അശ്വിന്‍ കമന്റിട്ടത്. അവന്‍ ചാവാന്‍ റെഡിയായി. ഞങ്ങള്‍ സെറ്റായി എന്നാണ് കമന്റ്. 

കൊലപ്പെട്ട ശരത് ലാലിനെതിരെയാണ് പ്രധാനമായും കൊലവിളി കമന്റുകള്‍. ശരത് കല്യോട്ടെ ഒരു നേര്‍ച്ച കോഴിയാണ് എന്നാണ് മറ്റൊരു കമന്റ്. ഇത്തരത്തില്‍ നിരവധി കമന്റുകള്‍ ഫെയ്‌സ്ബുക്കിലും വാട്‌സ് ആപ്പിലും വന്നിരുന്നു. എന്നാല്‍ പൊലീസ് ഇക്കാര്യത്തില്‍ വേണ്ട ഗൗരവം കാണിച്ചില്ലെന്നാണ് ശരതിന്റെയും കൃപേഷിന്റെയും കുടുംബം കുറ്റപ്പെടുത്തുന്നത്. 

കൊലപാതകം നടന്ന ഉടന്‍ ഈ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പിന്‍വലിക്കപ്പെട്ടിരുന്നു. പക്ഷെ പൊലീസില്‍ നല്‍കിയ പരാതിയില്‍ നേരത്തെ തന്നെ ഇവയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുക്കാനിരിക്കെയാണ് സോഷ്യല്‍ മീഡിയ കൊലവിളിയുടെ തെളിവുകള്‍ എത്തുന്നത്. പെട്ടെന്നുള്ള പ്രകോപനമല്ല ഇരട്ട കൊലപാതകത്തിന് പിന്നില്‍ എന്ന് തെളിയിക്കുന്നതാണ് സിപിഎം പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റുകളെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. 

പെരിയ ഇരട്ടക്കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മുഴുവന്‍പേരെയും  പിടികൂടിയെന്നാണ് ലോക്കല്‍ പൊലീസിന്റെ അവകാശവാദം. പ്രതികളെ സഹായിച്ച ചിലരെ മാത്രമാണ് പിടികൂടാനുള്ളത്. മുഖ്യപ്രതി പീതാംബരന് രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ സുഹൃത്തുക്കളുമായി സംഘം ചേര്‍ന്ന് നടത്തിയ കൊലപാതകം എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. തെളിവ് ശേഖരണവും പൂര്‍ത്തിയാക്കി. ലോക്കല്‍ പൊലീസ് കേസ് നാളെ ക്രൈംബ്രാഞ്ച് സംഘത്തിന്  കൈമാറും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com