എത്ര സീറ്റ് കിട്ടുമെന്ന് അമിത് ഷാ; ഉത്തരം മുട്ടി സംസ്ഥാന നേതാക്കള്‍; പഴയ പരിപാടി നടക്കില്ലെന്ന് മുന്നറിയിപ്പ്

എല്ലാ തെരഞ്ഞടുപ്പ് കഴിയുമ്പോഴും വര്‍ധിച്ച വോട്ട് കണക്ക് മാത്രം നിരത്തി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് അമിത് ഷാ
എത്ര സീറ്റ് കിട്ടുമെന്ന് അമിത് ഷാ; ഉത്തരം മുട്ടി സംസ്ഥാന നേതാക്കള്‍; പഴയ പരിപാടി നടക്കില്ലെന്ന് മുന്നറിയിപ്പ്

പാലക്കാട്: എത്ര സീറ്റ് ജയിക്കുമെന്നതുമുതല്‍, എന്താണ് തെരഞ്ഞടുപ്പ്  തന്ത്രം തുടങ്ങിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത ഷായുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടി ബിജെപി സംസ്ഥാന നേതാക്കള്‍. ഇന്നലെ പാലക്കാട് നടന്ന ഭാരവാഹികളുടെ യോഗത്തിലാണ് അമിത് ഷാ നിര്‍ണായക ചോദ്യങ്ങള്‍ ചോദിച്ചത്. മേഖലാ ജാഥ കഴിയുമ്പോള്‍ വോട്ട് തിരിച്ചുള്ള കണക്ക് എത്തിക്കണമെന്ന്  ദേശീയ അധ്യക്ഷന്‍ സംസ്ഥാനഘടകത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഭാരവാഹികളുടെ യോഗത്തില്‍ പ്രധാനമായും മൂന്ന് ചോദ്യങ്ങളാണ് അമിത് ഷാ ചോദിച്ചത്. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ എത്രസീറ്റുകളില്‍ പാര്‍ട്ടിക്ക്  വിജയിക്കാനാകും, എന്ത് തന്ത്രം മുന്‍നിര്‍ത്തിയാണ് തെരഞ്ഞടുപ്പിനെ നേരിടുന്നത്. ശബരിമല വിഷയം പാര്‍ട്ടിക്ക്  ഓരോ മണ്ഡലത്തിലും എത്ര വോട്ടുകള്‍ വരെ വര്‍ദ്ധിക്കുന്നതിന് കാരണമാകും. എന്നിങ്ങനെയായിരുന്നു ചോദ്യങ്ങള്‍. സീറ്റിന്റെ കാര്യത്തില്‍ അനുകൂലമായ സാഹചര്യമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചെങ്കിലും ജയിക്കുന്ന സീറ്റുകളുടെ കാര്യത്തില്‍ കൃത്യമായ ഉത്തരം നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഒരു  സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്രം മൂന്ന്  സീറ്റെന്ന് മറുപടി നല്‍കി. എന്നാല്‍ എങ്ങനെയാണ് ജയിക്കുന്നതെന്ന അമിത് ഷായുടെ ചോദ്യത്തിന്് മുന്നില്‍ വ്യക്തമായ മറുപടി പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. കൃത്യതയില്ലാത്ത ഉത്തരം നല്‍കിയ ജനറല്‍ സെക്രട്ടറിക്ക് അമിത് ഷായില്‍ നിന്ന് ശകാരവും ഏല്‍ക്കേണ്ടി വന്നു. എല്ലാ തെരഞ്ഞടുപ്പ് കഴിയുമ്പോഴും വര്‍ധിച്ച വോട്ട് കണക്ക് മാത്രം നിരത്തി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് അമിത് ഷാ ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്.

എല്ലാ മണ്ഡലങ്ങളിലും ആര്‍എസ്എസ് നിര്‍ദ്ദേശിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനം മാത്രം മതിയെന്നും ദേശീയ അധ്യക്ഷന്‍ ഭാരവാഹികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുമ്മനത്തെ മടക്കികൊണ്ട് വന്ന് എന്‍ഡിഎ  കണ്‍വീനറാക്കണമെന്ന ആര്‍എസ്എസിന്റെ ആവശ്യത്തിന് അമിത് ഷാ വ്യക്തമായ മറുപടി നല്‍കിയില്ല. തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായി കുമ്മനമെത്തിയാല്‍ വിജയം ഉറപ്പാണെന്ന് ആര്‍എസ്എസ് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com