എല്ലാ വീടുകളിലും ഇനി മുതൽ എൽഇഡി മാത്രം; പദ്ധതി രജിസ്ട്രേഷൻ മാർച്ച് ഒന്ന് മുതൽ 

കേരളത്തിലെ എല്ലാ വീടുകളിലും എൽഇഡി ബൾബും ട്യൂബും വിതരണം ചെയ്യുന്ന 750 കോടി രൂപയുടെ പദ്ധതിയുടെ രജിസ്ട്രേഷൻ മാർച്ച് ഒന്നിനു തുടങ്ങും
എല്ലാ വീടുകളിലും ഇനി മുതൽ എൽഇഡി മാത്രം; പദ്ധതി രജിസ്ട്രേഷൻ മാർച്ച് ഒന്ന് മുതൽ 

തിരുവനന്തപുരം: കേരളത്തിലെ എല്ലാ വീടുകളിലും എൽഇഡി ബൾബും ട്യൂബും വിതരണം ചെയ്യുന്ന 750 കോടി രൂപയുടെ പദ്ധതിയുടെ രജിസ്ട്രേഷൻ മാർച്ച് ഒന്നിനു തുടങ്ങും. നിലവിൽ ഉപയോ​ഗമുള്ള സിഎഫ്എൽ, സാധാരണ ബൾബ്, ട്യൂബ്‌ലൈറ്റ് എന്നിവ മാറ്റണം. മാത്രമല്ല വീട്ടിലുളള ഉപയോഗ ശൂന്യമായ പഴയ ട്യൂബും ബൾബും പദ്ധതിയുടെ ഭാഗമായി നീക്കം ചെയ്യും.

ആദ്യ ഘട്ടമായി അഞ്ച് കോടി എൽഇഡി ബൾബുകൾ ജൂൺ അവസാനം വിതരണം ചെയ്യും. രണ്ടാം ഘട്ടമായി 2.5 കോടി എൽഇ‍ഡി ട്യൂബുകൾ സെപ്റ്റംബറിൽ രജിസ്ട്രേഷൻ സ്വീകരിച്ചു ഡിസംബറിനു മുൻപ് നൽകും. ആദ്യ ഘട്ടത്തിൽ ഒൻപത് വാട്ടിന്റെ എൽഇഡി ബൾബുകളാണു നൽകുന്നത്. വില വൈദ്യുതി ബില്ലിനൊപ്പം ഒരു വർഷം കൊണ്ട് ആറ് ​ഗ‍‍ഡുക്കളായി അടച്ചാൽ മതി. 65 രൂപയ്ക്ക് ഒരു  ബൾബ് നൽകാമെന്നു പ്രതീക്ഷിക്കുന്നു. ടെൻഡർ പൂർത്തിയാകുമ്പോൾ അന്തിമ വില തീരുമാനിക്കും.

എൽഇഡി ബൾബുകൾ സെക്‌ഷൻ ഓഫീസുകൾ, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിലും കുടുംബശ്രീ വഴിയും വിതരണം ചെയ്യും. തിരിച്ചറിയൽ രേഖ ഹാജരാക്കി  കൈപ്പറ്റാം. എൽഇഡി ട്യൂബ് സ്ഥാപിക്കുന്നതിന് നിലവിലെ ഹോൾഡർ മാറ്റണം. അതിനു സാവകാശം നൽകാൻ കൂടിയാണ് ട്യൂബ് രജിസ്ട്രേഷൻ സെപ്റ്റംബറിലേക്കു മാറ്റിയത്. ഡിസംബറിൽ 2.5 കോടി  ട്യൂബുകളുടെയും വിതരണം പൂർത്തിയാക്കും.

എൽഇഡി ബൾബ് ആവശ്യമുള്ളവർക്ക് ഏപ്രിൽ 30 വരെ റജിസ്റ്റർ ചെയ്യാം. ഇതിനായി മൊബൈൽ ആപ്പും വെബ്സൈറ്റും ക്രമീകരിക്കും. ഇതിലൂടെ 13 അക്ക കൺസ്യൂമർ നമ്പർ നൽകി ആവശ്യമുള്ള ബൾബുകൾ  അറിയിക്കാം. മീറ്റർ റീഡർ വീട്ടിൽ വരുമ്പോൾ എത്ര എൽഇഡി ബൾബ് വേണമെന്ന് അറിയിച്ചും രജിസ്റ്റർ ചെയ്യാം. വീട്ടിൽ ആളില്ലെങ്കിൽ മീറ്റർ റീഡർ നൽകുന്ന നോട്ടീസ് അനുസരിച്ച് സെക്‌ഷൻ ഓഫീസിൽ  പോയും രജിസ്റ്റർ ചെയ്യാം.

പുതിയ എൽഇഡി വാങ്ങുമ്പോൾ അത്രയും എണ്ണം പഴയ ബൾബുകൾ തിരികെ എടുക്കും. പഴയ ബൾബും ട്യൂബും ചെറിയൊരു സർവീസ് ചാർജ് ഈടാക്കിയാവും  ശേഖരിക്കുക. പഴയ ബൾബുകൾ പൊടിച്ചു ഗ്ലാസും മെർക്കുറിയും വേർതിരിച്ച് എടുക്കും. ഇവ വീണ്ടും ഉപയോഗിക്കാനാകും. ഈ ജോലി ചെയ്യുന്ന കമ്പനികളെ ടെൻഡർ വിളിച്ചാണു തിര​ഞ്ഞെടുക്കുക. ഇതോടെ വീടുകളിൽ പഴയ ബൾബും ട്യൂബും സിഎഫ്എല്ലും  ഇല്ലാതാക്കുകയാണു ലക്ഷ്യം. വൈദ്യുതി ബോർഡും എനർജി മാനേജ്മെന്റ് സെന്ററും ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com