പെരിയ ഇരട്ടക്കൊലപാതകം നാളെ ക്രൈംബ്രാഞ്ചിന് കൈമാറും; തെളിയാതെ കണ്ണൂര്‍ രജിസ്‌ട്രേഷന്‍ വണ്ടിയും വിരലടയാളവും

പെരിയ ഇരട്ടക്കൊലപാതകം നാളെ ക്രൈംബ്രാഞ്ചിന് കൈമാറും; തെളിയാതെ കണ്ണൂര്‍ രജിസ്‌ട്രേഷന്‍ വണ്ടിയും വിരലടയാളവും

പ്രാദേശിക നേതാക്കളുടെ സഹായത്തോടെ പുറത്തു നിന്നുള്ള ക്വട്ടേഷന്‍ സംഘം നടത്തിയ കൊലപാതകമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ നിഗമനം

കാസര്‍കോട്; പെരിയയില്‍ രണ്ട്  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസ് ക്രൈംബ്രാഞ്ച് നാളെ ഏറ്റെടുക്കും. സംഭവത്തില്‍ ഏഴ് പേരെയാണ്ഇതിനോടകം പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഉള്‍പ്പടെയുള്ളവരാണ് അറസ്റ്റിലായത്. എന്നാല്‍ പാര്‍ട്ടിയ്ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് സിപിഎം വാദം. കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണം എന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. 

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മുഴുവന്‍പേരെയും  പിടികൂടിയെന്നാണ് ലോക്കല്‍ പൊലീസിന്റെ അവകാശവാദം. രാഷ്ട്രീയ വൈര്യം തീര്‍ക്കുന്നതിനായി സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പിതാംബരനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലപാതകം നടത്തിയത് എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

പ്രാദേശിക നേതാക്കളുടെ സഹായത്തോടെ പുറത്തു നിന്നുള്ള ക്വട്ടേഷന്‍ സംഘം നടത്തിയ കൊലപാതകമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ നിഗമനം. ഇതിനെ സാധൂകരിക്കുന്ന തെളിവുകളും ശേഖരിച്ചു. എന്നാല്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ഉള്‍പ്പെടെയുള്ളവരെ ഉന്നതനേതാക്കള്‍ ഇടപെട്ടു ഹാജരാക്കിയതോടെ അന്വേഷണത്തിന്റെ ഗതിമാറുകയായിരുന്നു. കണ്ണൂര്‍ രജിസ്‌ട്രേഷന്‍ വണ്ടിയിലാണ് കൊലയാളികള്‍ എത്തിയതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. കൊലചെയ്യപ്പെട്ട യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ നിന്ന് കണ്ടെത്തിയ വിരലടയാളങ്ങളുടെ ശാസ്ത്രീയ പരിശോധനയും നടത്തിയിട്ടില്ല. സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയ രണ്ട് മൊബൈല്‍ ഫോണുകള്‍ ആരുടേതാണെന്ന് തിരിച്ചറിയാനും സാധിച്ചിട്ടില്ല. 

കേസിലെ ഉന്നത ഗൂഡാലോചന പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കൊല്ലപ്പെട്ടവരുടെ കുടുംബം.  കെ സുധാകരന്‍ ഇന്ന് കൃപേഷിന്റെയും ശരത്തിന്റെയും വീടുകളിലെത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com