മാടമ്പിത്തരം കയ്യില്‍വെച്ചാല്‍ മതി ; എന്‍എസ്എസിന് തമ്പ്രാക്കന്മാരുടെ നിലപാടെന്ന് കോടിയേരി ബാലകൃഷ്ണന്‍

മാടമ്പികളുടെ പിന്നാലെ പോകേണ്ട ഗതികേട് സിപിഎമ്മിനില്ല. മാടമ്പിത്തരം കയ്യില്‍ വെച്ചാല്‍ മതി
മാടമ്പിത്തരം കയ്യില്‍വെച്ചാല്‍ മതി ; എന്‍എസ്എസിന് തമ്പ്രാക്കന്മാരുടെ നിലപാടെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : എന്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാടമ്പികളുടെ പിന്നാലെ പോകേണ്ട ഗതികേട് സിപിഎമ്മിനില്ല. മാടമ്പിത്തരം മനസ്സില്‍ വെച്ചാല്‍ മതി. എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ പോകേണ്ട അവസ്ഥയില്ല. തമ്പ്രാക്കന്മാരുടെ നിലപാടാണ് എന്‍എസ്എസിനുള്ളതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

ചില സമുദായത്തിലെ നേതാക്കള്‍ മാത്രമാണ് സര്‍ക്കാരിനെതിരെയുള്ളത്. എല്ലാ സമുദായത്തിലെയും തൊഴിലാളികളും സാധാരണക്കാരുമെല്ലാം ഇടതുപക്ഷത്തിനൊപ്പമാണ്. ഇതാണ് ഇടതുപക്ഷത്തിന്റെ കരുത്തെന്നും കോടിയേരി പറഞ്ഞു. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ തള്ളിക്കളഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് എന്‍എസ്എസിനെതിരെ കോടിയേരി കടുത്ത വിമര്‍ശനം ഉയര്‍ത്തിയത്.
 

ശബരിമല വിഷയത്തിൽ സർക്കാരുമായി ചർച്ചയ്ക്കില്ലെന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കിയത്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിക്കണമെന്ന ആവശ്യം നേരത്തെ മുഖ്യമന്ത്രിയെയും  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഫോണിലൂടെ പലതവണ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ അനുകൂലമായ ഒരു പ്രതികരണമല്ല ഇരുവരില്‍നിന്നും ഉണ്ടായത്. 

പിന്നീട് അതു സംബന്ധിച്ച് ഒരു ചര്‍ച്ചയ്ക്കോ കൂടിക്കാഴ്ചയ്ക്കോ എന്‍എസ്എസ് ശ്രമിച്ചിട്ടില്ല, അതിന് ആഗ്രഹവുമില്ല, അതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. ഇനിയും സുപ്രീംകോടതി മറ്റൊരു വിധി പുറപ്പെടുവിച്ചാല്‍ അത് നടപ്പാക്കും എന്നത് ആരുടെയും ഔദാര്യമല്ല.

വിധി അനുകൂലമായാലും പ്രതികൂലമായാലും എന്‍എസ്എസ്. വിശ്വാസവിഷയത്തില്‍ എടുത്ത നിലപാടില്‍ ഉറച്ചുതന്നെ നില്ക്കും, നിലപാട് തിരുത്തേണ്ടത് സര്‍ക്കാരാണെന്നു ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ ദിവസം എൻഎസ്എസുമായി ചർച്ചയ്ക്കു തയ്യാറാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com