മൂന്നര സെന്റീമീറ്റര്‍ നീളമുള്ള മീന്‍മുള്ള് അന്നനാളത്തില്‍ തുളച്ചു കയറി; കഴുത്തു തുറന്ന് ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു

കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ കഴുത്ത് തുറന്നുള്ള ശസ്ത്രക്രിയയിലൂടെയാണ് മീന്‍ മുള്ള് പുറത്തെടുത്തത്
മൂന്നര സെന്റീമീറ്റര്‍ നീളമുള്ള മീന്‍മുള്ള് അന്നനാളത്തില്‍ തുളച്ചു കയറി; കഴുത്തു തുറന്ന് ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു

കോട്ടയം; വീട്ടമ്മയുടെ തൊണ്ടയില്‍ കുടുങ്ങിയ മൂന്നര സെന്റീമീറ്റര്‍ നീളമുള്ള മീന്‍മുള്ള് മൂന്ന് ആഴ്ചയ്ക്ക് ശേഷം പുറത്തെടുത്തു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ കഴുത്ത് തുറന്നുള്ള ശസ്ത്രക്രിയയിലൂടെയാണ് മീന്‍ മുള്ള് പുറത്തെടുത്തത്. അന്നനാളത്തില്‍ തുളച്ചു കയറിയ മുള്ള് തൈറോയ്ഡ് ഗ്രന്ഥിയില്‍ പൂര്‍ണമായും തുളച്ചുകയറിയ നിലയിലായിരുന്നു. വൈക്കം സ്വദേശി അന്‍പതുകാരിയുടെ 'പുല്ലന്‍' ഇനത്തില്‍പ്പെട്ട മീനിന്റെ മുള്ള് തുളച്ച് കയറിയത്.

മൂന്നാഴ്ച മുന്‍പാണ് ഉച്ചയൂണിനൊപ്പം വറുത്ത മീന്‍ കഴിച്ചപ്പോള്‍ ഇവരുടെ തൊണ്ടയില്‍ മുള്ള് കുടുങ്ങിയത്. വിരല്‍ കടത്തി എടുക്കാന്‍ ശ്രമിച്ചപ്പോള്‍ തൊണ്ടയിലേക്ക് മുള്ളു തുളച്ചു കയറിയതോടെ ശ്രമം ഉപേക്ഷിച്ചു. ഭയം കാരണം ആരോടും പറഞ്ഞില്ല. വേദന കൂടിയതോടെ  മൂന്നാഴ്ചയ്ക്ക് ശേഷം വൈക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ മുള്ള് കുടുങ്ങിയ കാര്യം പറഞ്ഞില്ല. ആശുപത്രിയില്‍ നിന്ന് വേദനയ്ക്കുള്ള മരുന്നു നല്‍കിയെങ്കിലും വേദന കൂടിയതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.  

സിടി പരിശോധനയിലാണ് മുള്ള് തറച്ചിരിക്കുന്നത് കണ്ടെത്തുന്നത്. തൈറോയ്ഡ് ഗ്രന്ഥിയില്‍ അണുബാധ തുടങ്ങിയിരുന്നു. അതിനാല്‍ ശസ്ത്രക്രിയയിലൂടെ തൈറോയ്ഡ് ഗ്രന്ഥിയുടെ ഒരു ഭാഗം മുറിച്ച് നീക്കി. മെഡിക്കല്‍ കോളജ് ആശുപത്രി എഎന്‍ടി വിഭാഗം മേധാവി ഡോ. ഷിബു ജോര്‍ജിന്റെ നേതൃത്വത്തില്‍ മൂന്നര മണിക്കൂര്‍ നീണ്ട, കഴുത്ത് തുറന്നുള്ള ശസ്ത്രക്രിയയിലൂടെയാണ് ഇതു പുറത്തെടുത്തത്. ഇത്രയും നീളമുള്ള മീന്‍ മുള്ള് തൈറോയ്ഡ് ഗ്രന്ഥിയില്‍ തുളച്ചു കയറിയ നിലയില്‍ കണ്ടെത്തുന്നത് ആദ്യമെന്നു ഡോക്ടര്‍മാര്‍ പറയുന്നു. 

തലച്ചോറിലേക്കും ഹൃദയത്തിലേക്കും കടന്നുപോകുന്ന രക്തധമനികളുടെ സമീപമാണ് മുള്ള് തുളച്ചത്. അണുബാധ വ്യാപിക്കുന്നതിനു മുന്‍പ് കണ്ടെത്തിയതിനാല്‍ കൂടുതല്‍ ഗുരുതരമായില്ല. ശസ്ത്രക്രിയ കഴിഞ്ഞ ഇവര്‍ക്ക് ഇപ്പോള്‍ സംസാരിക്കാന്‍ കഴിയുന്നുണ്ട്. ട്യൂബിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് നല്‍കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ആശുപത്രിവിടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com