വാക്കുകൾ വളച്ചൊടിച്ചു; കൊലവിളി പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് വിപിപി മുസ്തഫ
By സമകാലികമലയാളം ഡെസ്‌ക് | Published: 24th February 2019 07:21 PM |
Last Updated: 24th February 2019 07:21 PM | A+A A- |
കാസർകോട്: കൊലവിളി പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം വിപിപി മുസ്തഫ. പ്രസംഗത്തിൽ ഉപയോഗിച്ച പദ പ്രയോഗങ്ങളിൽ ഖേദിക്കുന്നു. അക്രമത്തിന് ആഹ്വാനം ചെയ്യാനുദ്ദേശിച്ചായിരുന്നില്ല പ്രസംഗം. തന്റെ വാക്കുകൾ വളച്ചൊടിച്ചതാണ് വിവാദങ്ങൾക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ വാക്കുകൾ കൊലപാതകത്തിന് ഇരകളായവരുടെ കുടുംബത്തെ വേദനിപ്പിച്ചതിൽ ദുഃഖിക്കുന്നു. കല്ല്യോട്ടെ അക്രമങ്ങൾ ക്ഷമിക്കണമെന്നാണ് താൻ ഉദ്ദേശിച്ചത്. എന്നാൽ വാക്കുകൾ അടർത്തിയെടുത്ത് പ്രചരിപ്പിച്ചത് തെറ്റിദ്ധാരണയ്ക്കിടയാക്കിയെന്നും മുസ്തഫ വ്യക്തമാക്കി.
പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് മുന്‍പ് മുസ്തഫ ഒരു പൊതു സമ്മേളനത്തിൽ നടത്തിയ കൊലവിളി പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായതാണ് വിവാദമായത്. കോണ്‍ഗ്രസുകാര്‍ക്ക് നേരെ വധഭീഷണി മുഴക്കുന്ന തരത്തിലായിരുന്നു ജനുവരി ഏഴിന് കല്യാട്ട് സിപിഎം പരിപാടിയിൽ നടത്തിയ കൊലവിളി പ്രസംഗം.
'പാതാളത്തോളം ഞങ്ങള്‍ ക്ഷമിച്ചു കഴിഞ്ഞു.സഖാവ് പീതാംബരനെയും സുരേന്ദ്രനെയും ഒരു പ്രകോപനവുമില്ലാതെ പകല്‍ മര്‍ദിക്കുന്നവരെയുളള സംഭവങ്ങള്‍ ഞങ്ങള്‍ ക്ഷമിക്കുകയാണ്. എന്നാല്‍ ഇനിയും ചവിട്ടാന്‍ വന്നാല്‍ ആ പാതാളത്ത് നിന്ന് റോക്കറ്റ് പോലെ സിപിഎം കുതിച്ചുകയറും. അതിന്റെ വഴിയില്‍ പിന്നെ ബാബുരാജല്ല, ഗോവിന്ദന്‍ നായരല്ല ഒരൊറ്റ ഒരെണ്ണം ബാക്കിയില്ലാത്ത വിധം പെറുക്കിയെടുക്കേണ്ടി വരും. അങ്ങനെ പാതാളത്ത് നിന്ന് തിരിച്ചുവരാനുളള ഇടയുണ്ടാക്കരുത്. കേള്‍ക്കുന്ന കോണ്‍ഗ്രസുകാരെയും കേള്‍ക്കാത്ത കോണ്‍ഗ്രസുകാരെയും സമാധാനയോഗത്തിന് വിളിച്ച് ബേക്കല്‍ എസ്‌ഐ പറഞ്ഞു കൊടുക്കണം. ഇങ്ങനെയൊക്കേയാണ് സിപിഎം പറഞ്ഞിട്ടുളളത്. നിങ്ങള്‍ കേസെടുത്താലും പ്രതികളെ പിടിച്ചിട്ടില്ലെങ്കിലും സിപിഎമ്മിന്റെ സ്വഭാവവും രീതിയും അറിയാമല്ലോ.' - വിവാദ പ്രസംഗത്തില്‍ മുസ്തഫ പറയുന്നു.